
പൂനെ: 17 കാരൻ അമിത വേഗതയിലോടിച്ച പോർഷെ കാറിടിച്ച് ബൈക്ക് യാത്രികർ മരിച്ച സംഭവത്തിൽ പ്രതി അമിതമായി മദ്യപിച്ചിരുന്നുവെന്ന് പൊലീസ്. പ്രായപൂർത്തിയാവാത്ത പ്രതിയും സുഹൃത്തുക്കളും പൂനെയിലെ വിവിധ ബാറുകളിൽ നിന്ന് മദ്യപിച്ചിരുന്നുവെന്ന് പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. പബ്ബുകളിലൊന്നിൽ 90 മിനിറ്റിനുള്ളിൽ 48,000 രൂപ ചെലവഴിച്ചുവെന്നും പിന്നീട് അടുത്ത പബ്ബിലേക്ക് പോയെന്നും കമ്മീഷണർ പറഞ്ഞു.
ശനിയാഴ്ച രാത്രി 10:40 നാണ് 17കാരനും സുഹൃത്തുക്കളും ആഢംബര റെസ്റ്റോറന്റിലെ പബ്ബിലെത്തിയത്. അവിടെ 48,000 രൂപയാണ് ചിലവഴിച്ചത്. പിന്നീട് ബാറിലെ ജീവനക്കാർ മദ്യം നൽകുന്നത് നിർത്തിയതിനെത്തുടർന്ന് പന്ത്രണ്ട് മണിയോടെ അവർ രണ്ടാമത്തെ പബ്ബിലേക്ക് പോയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, 17കാരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും രക്തം ഫോറൻസിക് റിപ്പോർട്ടിനായി അയച്ചിട്ടുണ്ടെന്നും അമിതേഷ് കുമാർ എൻഡിടിവിയോട് പറഞ്ഞു. മദ്യപിച്ച് നഗരത്തിലൂടെ അമിത വേഗതയിൽ പോർഷെ കാർ ഓടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
“പ്രതിയും സുഹൃത്തുക്കളും മദ്യം കഴിക്കുന്നതിൻ്റെ ധാരാളം സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. രക്ത സാമ്പിളുകളുടെ റിപ്പോർട്ടുകൾ ഇനിയും കാത്തിരിക്കുകയാണെന്നും അസിസ്റ്റന്റെ പൊലീസ് കമ്മീഷ്ണർ മനോജ് പാട്ടീൽ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേസിൽ കർശന നടപടിയെടുക്കാൻ പൊലീസിന് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷ്ണർ കൂട്ടിച്ചേർത്തു.
അതിനിടെ, സംഭവത്തിൽ പ്രായപൂർത്തിയാവാത്ത പ്രതിയുടെ അച്ഛൻ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ നിന്നാണ് വിശാൽ അഗർവാളിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം വിശാൽ അഗർവാൾ ഒളിവിലായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൂനെ പൊലീസ് നിരവധി സംഘങ്ങളെ രൂപീകരിക്കുകയും ഛത്രപതി സംഭാജിനഗർ പ്രദേശത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നേരത്തെ, കേസിൽ അറസ്റ്റിലായ പ്രായപൂർത്തിയാവാത്ത പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒരു റെസ്റ്റോറൻ്റിൽ പാർട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടെക്കികളായ സുഹൃത്തുക്കളാണ് അപകടത്തിൽ പെട്ടത്. ‘പ്രായപൂർത്തിയാവാത്ത പ്രതി 15 ദിവസം യെർവാഡയിൽ ട്രാഫിക് പൊലീസുമായി ചേർന്ന് ജോലി ചെയ്യണം, അപകടത്തെ കുറിച്ച് ഉപന്യാസം എഴുതണം, മദ്യപാന ശീലത്തിന് ചികിത്സ തേടണം, കൗൺസിലിംഗ് സെഷനുകൾ നടത്തണം’- എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ പറഞ്ഞു.
പോർഷെ കാർ അമിത വേഗത്തിലായിരുന്നു കുട്ടി ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കല്യാണി നഗർ ജംഗ്ഷനിൽ വച്ച് നിയന്ത്രണം വിട്ട കാർ മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ അനീഷും അശ്വിനിയും റോഡിൽ തെറിച്ചുവീണു മരിച്ചു. പ്രദേശത്ത് ഓടിക്കൂടിയ നാട്ടുകാർ കാറോടിച്ചിരുന്ന കുട്ടിയെ തടഞ്ഞുവെക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ ദൃശ്യങ്ങളുൾപ്പെടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Last Updated May 22, 2024, 11:43 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]