
ലണ്ടൻ: മലിന രക്തം കുത്തിവച്ച സംഭവത്തിലെ ഇരകൾക്ക് നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു പ്രഖ്യാപിച്ച് യുകെ സർക്കാർ. നടപടി അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് പിന്നാലെ. മലിന രക്തം കുത്തിവച്ചതിനെത്തുടർന്ന് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും ബാധിച്ച് മരിച്ച 3000 ത്തിലേറെ പേരുടെ ആശ്രിതർക്കാണ് നഷ്ടപരിഹാരം ലഭിക്കുക.
1970 മുതൽ 1990വരെ മൂവായിരത്തിലധികം പേരാണ് മലിന രക്തം കുത്തിവച്ചതിനേ തുടർന്ന് കൊല്ലപ്പെട്ടത്. ഇടക്കാല ആശ്വാസമായാണ് നഷ്ടപരിഹാരമെന്ന് വ്യക്തമാക്കിയാണ് ചൊവ്വാഴ്ച നഷ്ടപരിഹാരം സംബന്ധിച്ച് മന്ത്രി ജോൺ ഗ്ലെന്നിന്റെ പ്രഖ്യാപനം പാർലമെന്റിലുണ്ടായത്. ആശ്രിതർക്ക് 2.5 കോടി രൂപയോളമാണ് ഇടക്കാല ആശ്വാസമായി നൽകാൻ തീരുമാനമായിട്ടുള്ളത്.
മലിന രക്തം കുത്തി വച്ചത് മൂലം മരണത്തിന് കീഴടങ്ങിയവരോടുണ്ടായ അനീതിക്ക് ക്ഷമാപണം നടത്തുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കിയതിന് ഒരു ദിവസത്തിന് പിന്നാലെയാണ് നഷ്ടപരിഹാര പ്രഖ്യാപനം എത്തുന്നത്. സംഭവത്തിൽ വിവിധ സർക്കാരുകൾ വീഴ്ച മറച്ചുവച്ചുവെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഋഷി സുനക് പരസ്യമായി ക്ഷമാപണം നടത്തിയത്.
ബ്രിട്ടീഷ് അധികൃതരും രാജ്യത്തെ പൊതുജനാരോഗ്യ മേഖലയിലെ പ്രവർത്തകരും അറിഞ്ഞുകൊണ്ട് തന്നെയാണ് പതിനായിരക്കണക്കിന് രോഗികളെ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് അണുക്കളുമായി സമ്പർക്കത്തിൽ വരുത്തിയെന്നും ഈ ദുരന്തം ദശാബ്ദങ്ങളോളം മറച്ചുവച്ചുമെന്നാണ് പുറത്ത് വന്ന റിപ്പോർട്ട് വിശദമാക്കിയത്. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് മുതലായവ പരിശോധിക്കാനുള്ള സാഹചര്യങ്ങളാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്നും റിപ്പോർട്ട് വിശദമാക്കിയിരുന്നു.
അഞ്ച് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് മലിന രക്തം കുത്തിവച്ച സംഭവത്തിലെ അനീതി പുറത്ത് വന്നത്. 2527 പേജ് അന്വേഷണ റിപ്പോർട്ട് വീഴ്ചയേക്കുറിച്ചും വീഴ്ച മറച്ച് വയ്ക്കാനുള്ള ആരോഗ്യ പ്രവർത്തകരുടെ ശ്രമങ്ങളേക്കുറിച്ചും വ്യക്തമായ വിവരം നൽകുന്നതാണ്.
Last Updated May 22, 2024, 8:23 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]