

First Published May 22, 2024, 1:04 PM IST
ഇത് മാമ്പഴക്കാലമാണ്. സീസണായതിനാൽ തന്നെ നല്ല മാമ്പഴം വലിയ വിലയില്ലാതെ തന്നെ നമുക്ക് കിട്ടുകയും ചെയ്യും. എന്നാൽ, മാമ്പഴം വിറ്റ് ലക്ഷങ്ങൾ നേടിയ ഒരു കർഷകനാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. ഉടുപ്പി, ശങ്കർപ്പൂരിൽ നിന്നുള്ള ജോസഫ് ലിയോ എന്ന കർഷകനാണ് മാമ്പഴം വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചിരിക്കുന്നത്.
എന്നാലും, മാമ്പഴം വിറ്റ് ഒറ്റയടിക്ക് ലക്ഷങ്ങളൊക്കെ സമ്പാദിക്കാനാവുമോ എന്നാണോ? ജോസഫ് നട്ടുവളർത്തിയത് വെറും മാമ്പഴമല്ല, സ്പെഷ്യൽ മിയാസാക്കി മാമ്പഴമാണ്. ജാപ്പനീസ് മാമ്പഴമെന്നും ഇതിന് പേരുണ്ട്. അതും ജോസഫ് തന്റെ ടെറസിലാണ് ഈ മാമ്പഴം നട്ടുവളർത്തിയത്.
ജോസഫിന്റെ വീടിന്റെ ടെറസിൽ വേറെയും പലതരം ചെടികളും മറ്റും അദ്ദേഹം നട്ടു വളർത്തിയിട്ടുണ്ടെങ്കിലും അതിൽ പ്രത്യേകം ശ്രദ്ധ നേടിയത് ഈ മിയാസാക്കി മാമ്പഴങ്ങളാണ്. അസാധാരണമായ രുചിക്കും ഔഷധഗുണങ്ങൾക്കും പേരുകേട്ട മാമ്പഴമാണ് മിയാസാക്കി മാമ്പഴം. ഒരു മാമ്പഴത്തിന് തന്നെ ഏകദേശം 10,000 രൂപ വില വരും. ഒരു കിലോവിറ്റാൽ മൂന്ന് ലക്ഷം രൂപ വരെ നേടാം.
2023 -ലാണ് ജോസഫ് ഈ മാമ്പഴം വിളവെടുക്കാൻ ആദ്യം ശ്രമിച്ചത്. എന്നാൽ, ആ ശ്രമം വിജയിച്ചില്ല. പ്രതികൂലമായ കാലാവസ്ഥയായിരുന്നു അതിന് കാരണം. എന്നാൽ, ഈ വർഷം നല്ല രീതിയിൽ തന്നെ മാമ്പഴം വിളവെടുക്കാൻ സാധിച്ചു. നല്ല രീതിയിൽ മാമ്പഴം സംരക്ഷിക്കുകയും പരിചരിക്കുകയും ചെയ്തതിന്റെ പേരിലാണ് ഈ വിളവെടുക്കാൻ ജോസഫിന് സാധിച്ചത്.
ജാവ പ്ലം, ബ്രസീലിയൻ ചെറി, നാരങ്ങ, പല ഇനത്തിലുള്ള മാങ്ങ, ഔഷധ സസ്യങ്ങൾ, പച്ചക്കറികൾ തുടങ്ങി പലതും ജോസറ് തന്റെ ടെറസിൽ കൃഷി ചെയ്യുന്നുണ്ട്. ഹൈഡ്രോപോണിക് ടെക്നിക്കുകൾ ഉപയോഗിച്ച് മുല്ലപ്പൂ കൃഷി ചെയ്യുന്ന കർണാടകയിലെ ആദ്യത്തെ ഹൈഡ്രോപോണിക് കർഷകനും കൂടിയാണ് ജോസഫ്. അതുപോലെ, തേനീച്ച വളർത്തലും കന്നുകാലി വളർത്തലും കൂടി ചെയ്യുന്നുണ്ട് ജോസഫ്.
മിയാസാക്കി മാമ്പഴം
ജപ്പാനിലെ മിയാസാക്കി നഗരത്തിലാണ് ആദ്യം കൃഷി ചെയ്തത്. അങ്ങനെയാണ് മിയാസാക്കി മാമ്പഴം എന്ന് പേരു വന്നത്. സാധാരണയായി മിയാസാക്കി മാമ്പഴങ്ങൾ ഏപ്രിലിനും ആഗസ്തിനും ഇടയിലാണ് വളർന്ന് വിളവെടുക്കുന്നത്. ഒരു മാമ്പഴത്തിന് ഏകദേശം 350 ഗ്രാം മുതൽ 900 ഗ്രാം വരെ തൂക്കമുണ്ടാവും. 2.7 ലക്ഷം രൂപ വരെ ഇതിന് വില വരും എന്ന് കരുതുന്നു.
ആന്റി ഓക്സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, ഫോളിക് അസിഡ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് മിയാസാക്കി മാമ്പഴം എന്നും പറയുന്നു. ലക്ഷങ്ങൾ വില വരുന്ന ഈ മാമ്പഴം കള്ളന്മാർ മിക്കവാറും ലക്ഷ്യമിടാറുണ്ട്. അതിനാൽ തന്നെ വലിയ തരത്തിലുള്ള കാവലുകൾ ഉടമകൾ ഈ മാമ്പഴത്തിന് ഏർപ്പെടുത്താറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated May 22, 2024, 1:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]