
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കടയിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ജൂൺ 25ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ കേസ് പരിഗണിക്കും. കണക്ഷനിൽ പ്രശ്നമുണ്ടെന്ന് പരാതി നൽകിയിട്ടും ബോർഡ് നടപടിയെടുത്തിരുന്നില്ല എന്ന് ആക്ഷേപമുയർന്നിരുന്നു. മഴ പെയ്തപ്പോൾ കയറി നിന്ന കടയുടെ ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റാണ് മുഹമ്മദ് റിജാസ് എന്ന 19കാരൻ മരിച്ചത്. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.
മരിച്ച മുഹമ്മദ് റിജാസിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വകുപ്പ് ധനസഹായത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. 5 ലക്ഷം രൂപയാണ് മുഹമ്മദ് റിജാസിന്റെ കുടുംബത്തിന് കൈമാറുക.
Last Updated May 21, 2024, 4:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]