
എറണാകുളം:കേരളാ സർവകലാശാല സെനറ്റിലേക്കുളള അംഗങ്ങളുടെ നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി. വിദ്യാർഥി പ്രതിനിധികളായി നാല് എ ബി വി പി പ്രവർത്തകരെ ശുപാർശ ചെയ്ത ഗവർണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി ആറാഴ്ചക്കുളളിൽ പുതിയ പട്ടിക തയാറാക്കാനും നിർദേശിച്ചു. സെനറ്റിലേക്ക് സർക്കാർ ശുപാർശ ചെയ്ത രണ്ട് അംഗങ്ങളുടെ നിയമനം കോടതി ശരിവയ്ക്കുകയും ചെയ്തു.
സർക്കാർ ഗവർണർ പോരിൽ പ്രധാനപ്പെട്ട ഏടുകളിലൊന്നായിരുന്നു കേരള സർവകലാശാല സെനറ്റിലേക്കുളള വിദ്യാർഥി പ്രതിനിധികളെ ഗവർണർ നിയമിച്ചത്. സർവകലാശാല നൽകിയ എട്ടു വിദ്യാർഥികളുടെ പട്ടിക പൂർണമായി തളളിയാണ് ബിജെപിയുടെ വിദ്യാർഥി സംഘടനയായ എബിവിപി പശ്ചാത്തലമുളള നാലു പേരെ ഗവർണർ ശുപാർശ ചെയ്തത്. ഇത് ചോദ്യം ചെയ്താണ് ഏതാനും വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തിയവരെയാണ് ചാൻസലറായ ഗവർണർ ശുപാർശ ചെയ്യേണ്ടതെന്നിരിക്കേ നാലു എ ബിവിപി പ്രവർത്തകരുടെ നിയമനം രാഷ്ടീയ ലക്ഷ്യങ്ങളോടെയെന്നായിരുന്നു ആക്ഷേപം. ഈ വാദം അംഗീകരിച്ചാണ് ഗവർണറുടെ ശുപാർശകൾ ഹൈക്കോടതി റദ്ദാക്കിയത്. ഹർജിക്കാരെക്കൂടി പരിഗണിച്ച് ആറാഴ്ചക്കുളളിൽ പുതിയ പട്ടിക തയാറാക്കാനും സിംഗിൾ ബെഞ്ച് നിർദേശിച്ചു. ഉത്തരവ് പരിശോധിച്ചശേഷം തുടർ തീരുമാനമെന്ന് രാജ്ഭവൻ അറിയിച്ചു. വിധിയെ സ്വാഗതം ചെയ്യുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു
സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്തിവരിൽ രണ്ടുപേർ ഒഴികെ ബാക്കിയെല്ലാവരും ബിജെപി അനുകൂലികളാണെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. വിദ്യാർഥിപ്രതിനിധികളുടെ നിയമനത്തിന് പിന്നാലെയാണ് എസ് എഫ് ഐ ഗവർണറെ വഴിയിൽ തടഞ്ഞത്.
Last Updated May 21, 2024, 4:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]