
ദില്ലി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബംഗാളിലെ ബിജെപി നേതാവും സ്ഥാനാർത്ഥിയുമായ അഭിജിത്ത് ഗംഗോപാധ്യായക്ക് പ്രചാരണവിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് വൈകിട്ട് 5 മണിമുതൽ 24 മണിക്കൂർ നേരത്തേക്കാണ് പ്രചാരണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അഭിജിത്ത് ഗംഗോപാധ്യായ മമത ബാനർജിക്കെതിരെ നടത്തിയ പരാമർശം വൻവിവാദമായിരുന്നു. പരാമർശത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിരുന്നു.
മാത്രമല്ല, അഭിജിത് ഗംഗോപാധ്യായക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷൻ രൂക്ഷവിമർശനമുയർത്തുകയും ചെയ്തിട്ടുണ്ട്. മാന്യതക്ക് നിരക്കാത്ത പരാമർശമെന്ന് ആദ്യം തന്നെ വിമർശിച്ചിരുന്നു. ഹാല്‍ദിയയില്‍ മെയ് 15 നാണ് അഭിജിത്ത് ഗംഗോപാധ്യയായ വിവാദ പരാമർശം നടത്തിയത്. ബിജെപിയുടെ സന്ദേശ്ഖാലി സ്ഥാനാർത്ഥി രേഖ പാത്രയെ 2000 രൂപയ്ക്ക് വിലക്കെടുത്തുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു. എന്താണ് മമതയുടെ വില. പത്ത് ലക്ഷമാണോ. ഇതായിരുന്നു അഭിജിത്ത് ഗംഗോപാധ്യയുടെ പരാമർശം. ഇത് വിവാദമാക്കിയ ടിഎംസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
സ്ഥാനാർത്ഥിയുടെ വീഡിയോയും പരാമർശത്തിന്റെ ഇംഗ്ലീഷ് തർജ്ജമയും ഉള്‍പ്പെടുത്തിയാണ് പാര്‍ട്ടി പരാതി നല്‍കിയിരുന്നത്. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയക്കുകയും പരാമർശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. മെയ് 20ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ നടത്തിയ പരാമർശം സംബന്ധിച്ച് വിശദീകരണം നല്കണെമെന്ന് അഭിജിത്ത് ഗംഗോപാധ്യായോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ക്രമിനല്‍ നടപടി സ്ഥാനാർത്ഥിക്കെതിരെ എടുക്കണമെന്നാണ് ടിഎംസി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബംഗാള്‍ ഗവർണർ ആനന്ദബോസിനെതിരായ ലൈംഗികാരോപണ പരാതി ബിജെപിയെ തെരഞ്ഞെടുപ്പില്‍ പ്രതിരോധത്തിലാക്കിയിരിക്കുന്ന സാഹചര്യമാണ്. അതിനിടയിലാണ് സ്ഥാനാർത്ഥിയുടെ പരാമർശവും പാര്‍ട്ടിയെ വെട്ടിലാക്കുന്നത്. കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ആയിരുന്ന അഭിജിത്ത് ഗംഗോപാധ്യായ സ്ഥാനം രാജിവെച്ചാണ് ബിജെപിയില്‍ ചേർന്നത്. ഇതിന് പിന്നാലെ തംലൂക്കിലെ ബിജെപി സ്ഥാനാർത്ഥിയായി. ജഡ്ജി ആയിരിക്കുമ്പോൾ അദ്ദേഹം നടത്തിയ പലപരാമർശങ്ങളും വിധികളും ടിഎംസിയുടെ വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.
Last Updated May 21, 2024, 4:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]