
ജിദ്ദ: ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സൗദിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ഇന്ത്യയിലേക്ക് തിരിക്കും. സൗദി സന്ദർശനം വെട്ടിച്ചുരുക്കി ഇന്ന് രാത്രി തന്നെ മോദി ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് വിവരം. പഹൽഗാമിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ യോഗം ചേരും. സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗവും നാളെ ചേരും. പ്രധാനമന്ത്രി സൗദിയിലും ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ അമേരിക്കയിലുമാണുള്ളത്. ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി കാര്യങ്ങൾ ഏകോപിപ്പിക്കുകയാണ്.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ഇന്ത്യ- സൗദി ഉച്ചകോടി തുടങ്ങിയത്. സൗദി കിരീടാവകാശി അനുശോചനം അറിയിച്ചു. ഇന്ത്യയ്ക്ക് എല്ലാ സഹായവും സൗദി കിരീടാവകാശി വാഗ്ദാനം ചെയ്തു. ഇന്ന് രാവിലെയാണ് മോദി സൗദിയിലെത്തിയത്. സൗദി കിരീടാവകാശിയുമായുള്ള ചർച്ച നടന്നുവരികയാണ്. എന്നാൽ ഇതിന് ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ തൊഴിലാളികളുടെ ഫാക്ടറി സന്ദർശനം, വ്യവസായികളുമായി കൂടിക്കാഴ്ച്ച എന്നിവയായിരുന്നു മോദിയുടെ നാളത്തെ പരിപാടികൾ. ഇതെല്ലാം റദ്ദാക്കിയാണ് മോദി മടങ്ങുന്നത്. നാളെ രാവിലെ മോദി ഇന്ത്യയിൽ മടങ്ങിയെത്തും. എന്നാൽ നാളെ തന്നെ കാശ്മീരിലേക്ക് പോവുമോ എന്നതുൾപ്പെടെയുള്ള വിവരം പുറത്തുവന്നിട്ടില്ല.
സൗദിയിലെത്തിയ മോദിക്ക് വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. പ്രധാനമന്ത്രിയുടെ എ-1 വിമാനത്തിന് ആകാശത്ത് സൗദി റോയൽ എയർഫോഴ്സിൻ്റെ അസാധാരണ സ്വീകരണം നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടിയായി സൗദി റോയൽ എയർഫോഴ്സിൻ്റെ മൂന്ന് വിമാനങ്ങൾ പറന്നു. ജിദ്ദയിലേക്കുള്ള യാത്രയ്ക്കിടെയാണ് സൗദി എയർഫോഴ്സിൻറെ ഈ അസാധാരണ നടപടി. മോദിയുടെ വിമാനത്തിന് അകമ്പടിയായി സൗദി റോയല്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ പറക്കുന്നതിന്റെ വീഡിയോ വിദേശകാര്യ മന്ത്രാലയ വക്താവ് റൺധീര്‍ ജയ്സ്വാള്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ജിദ്ദയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് സൗദി ഒരുക്കിയത്. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും അദ്ദേഹത്തെ സ്വീകരിക്കാനെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജിദ്ദയിലെത്തിയത്. ഇന്ത്യയും സൗദിയും തമ്മിൽ പ്രധാനപ്പെട്ട കരാറുകളുടെയും സഹകരണത്തിന്റെയും പ്രഖ്യാപനങ്ങളും നടക്കുമെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]