
ഐപിഎല്ലില്‍ മോശം ഫോമില്‍ നിന്ന് കരകയറാനാകാതെ ലക്നൗ സൂപ്പര്‍ ജയന്റ്സ് നായകൻ റിഷഭ് പന്ത്. തന്റെ മുൻ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെയായിരുന്നു സൂപ്പര്‍ താരത്തിന്റെ മടക്കം. ഇതോടെ പന്തിനെതിരെ വിമര്‍ശനം കൂടുതല്‍ ശക്തമാകുകയാണ് ആരാധകര്‍ക്കിടയില്‍.
സീസണില്‍ ഇതുവരെ കളിച്ച ഒൻപത് മത്സരങ്ങളില്‍ നിന്ന് 106 റണ്‍സ് മാത്രമാണ് പന്തിന്റെ സമ്പാദ്യം. ശരാശരി 13.25 ആണ്. സ്ട്രൈക്ക് റേറ്റ് നൂറില്‍ താഴെയും. ഐപിഎല്‍ കരിയറിലെ തന്നെ പന്തിന്റെ ഏറ്റവും മോശം സീസണായി മാറുകയാണ് 2025.
ഡല്‍ഹിക്കെതിരെ മധ്യനിര തകര്‍ന്നടിയുമ്പോഴും ക്രീസിലെത്താൻ പന്ത് തയാറായില്ല. ഏഴാം നമ്പറിലായിരുന്നു നായകൻ കളത്തിലെത്തിയത്. അതും രണ്ട് പന്ത് മാത്രം ബാക്കി നില്‍ക്കെ. മുകേഷ് കുമാറിനെതിരെ നേരിട്ട രണ്ട് പന്തിലും ബൗണ്ടറിക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രണ്ടാം പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച പന്ത് ബൗള്‍ഡാവുകയായിരുന്നു. ഏഴാം നമ്പറില്‍ ഒരു ഐപിഎല്‍ മത്സരത്തില്‍ പന്തിറങ്ങുന്നതും വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.
ആയുഷ് ബഡോണി, അബ്ദുള്‍ സമദ് എന്നീ താരങ്ങള്‍ക്ക് പിന്നിലായി അന്താരാഷ്ട്ര തലത്തില്‍ പരിചയസമ്പത്തുള്ള പന്ത് എന്തിന് ഇറങ്ങിയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന ചോദ്യം. പന്തിന്റെ വലത് കൈക്ക് പരുക്കേറ്റതാണോ ഇതിന് പിന്നിലെ കാരണമെന്നും സംശയമുണ്ട്. എന്നിരുന്നാലും, ടീം മാനേജ്മെന്റിന്റെ തീരുമാനം തെറ്റായിപ്പോയി എന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
സീസണിലെ ഏറ്റവും മൂല്യമുള്ള താരമാണ് പന്ത്. 27 കോടി രൂപയ്ക്കായിരുന്നു പന്തിനെ ലക്നൗ താരലേലത്തില്‍ സ്വന്തമാക്കിയത്. മോശം പ്രകടനം തുടരുന്ന പശ്ചാത്തലത്തില്‍ പന്ത് 27 കോടി രൂപ ലക്നൗ ഉടമകള്‍ക്ക് തിരികെ നല്‍കണമെന്നും ഒരു കൂട്ടം ആവശ്യപ്പെടുന്നു.
അതേസമയം ലക്നൌ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 8 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 17.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു. ഓപ്പണറായി ക്രീസിലെത്തി 51 റൺസ് നേടിയ അഭിഷേക് പോറെലും 57 റൺസുമായി പുറത്താകാതെ നിന്ന കെ.എൽ രാഹുലുമാണ് ഡൽഹിയുടെ വിജയശിൽപ്പികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]