
തസ്ലിമ മലയാളം–തമിഴ് സിനിമകളിൽ അഭിനയിച്ചു; പെൺവാണിഭ, ലഹരി ഇടപാടുകൾ അന്വേഷണത്തിൽ: ഹൈബ്രിഡ് കഞ്ചാവിൽ ചോദ്യം ചെയ്യൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ രണ്ടു കോടി രൂപയുടെ കടത്തു കേസിലെ പ്രതികളെ എക്സൈസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു തുടങ്ങി. ഒന്നാം പ്രതി കണ്ണൂർ സ്വദേശി തസ്ലിമ സുൽത്താന (ക്രിസ്റ്റീന–43) തനിക്കു നടൻ ഷൈൻ ടോം ചാക്കോയുമായി പരിചയമുണ്ടെന്നു പിടിയിലായപ്പോൾ പറഞ്ഞിരുന്നു. ഷൈനിന്റെ ലഹരി, സാമ്പത്തിക ഇടപാടുകൾ അന്വേഷണത്തിനു കീഴിലായതിനാൽ ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതികളിൽ നിന്ന് എന്തെങ്കിലും വിവരം കിട്ടുമോയെന്നു നോക്കും. പ്രതികളുടെ ബാങ്ക് ഇടപാട് വിവരങ്ങളും ഫോൺവിളി, മെസേജ് വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. സിനിമ രംഗത്തുള്ളവരുമായുള്ള ബന്ധം ഇതോടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
രണ്ടു നടൻമാരെ പരിചയമുണ്ടെന്നാണു തസ്ലിമ കോടതിയിൽ മാധ്യമങ്ങളോടു പറഞ്ഞത്. ഇവർ അറസ്റ്റിലായതിന്റെ പിറ്റേന്നു നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യത്തിനു ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ വിശദമായ ചോദ്യംചെയ്യലിനും തെളിവുശേഖരിക്കലിനും ശേഷം മാത്രമേ സിനിമ മേഖലയുമായുള്ള ബന്ധം കണ്ടെത്താനാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്.അശോക് കുമാർ പറഞ്ഞു.
അന്വേഷണത്തിനിടെ സ്വർണക്കടത്ത്- പെൺവാണിഭ ഇടപാടുകളുടെയും വിവരങ്ങൾ കിട്ടിയിരുന്നു. ഇതും വിശദമായി പരിശോധിക്കും. കേസിലെ മറ്റു പ്രതികളായ മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26), തസ്ലിമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി (43) എന്നിവരെയും ആലപ്പുഴ അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ഭാരതി 24നു വൈകിട്ട് 4 വരെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. മൂന്നു പേരും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കസ്റ്റഡി കാലാവധിക്കു ശേഷം ഇതു പരിഗണിക്കും. പ്രതികളെ ഒറ്റയ്ക്കിരുത്തിയും ഒരുമിച്ചും ചോദ്യം ചെയ്യും. എറണാകുളത്തു ഹൈബ്രിഡ് കഞ്ചാവ് സൂക്ഷിച്ച സ്ഥലങ്ങളിലെത്തി തെളിവെടുപ്പും നടത്തും.
ചോദ്യം ചെയ്യൽ ഒറ്റയ്ക്കിരുത്തി
3 പ്രതികളെ എക്സൈസ് അന്വേഷണസംഘം മൂന്നായി തിരിഞ്ഞ് ഒറ്റയ്ക്കൊറ്റയ്ക്കാണു ചോദ്യം ചെയ്യുന്നത്. പ്രത്യേക ചോദ്യാവലി ഇതിനായി തയാറാക്കിയിട്ടുണ്ട്. അടുത്തഘട്ടത്തിൽ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ ഇന്നലെ രാത്രി 7നാണു ചോദ്യം ചെയ്തു തുടങ്ങിയത്. പുരുഷന്മാരെ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഓഫിസിലും തസ്ലിമയെ ആലപ്പുഴ റേഞ്ച് ഓഫിസിലുമാണു താമസിപ്പിക്കുന്നത്. തസ്ലിമയ്ക്കു സിനിമ മേഖലയിലുള്ള ബന്ധത്തെക്കുറിച്ചു കൂടുതലായി വിവരങ്ങൾ ശേഖരിക്കും. ഇവർ മലയാളം, തമിഴ് സിനിമകളിൽ ചെറുവേഷങ്ങളിൽ അഭിനയിക്കുകയും പിന്നണിയിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
പെൺവാണിഭം, ലഹരി ഇടപാടുകൾ ആ സമയത്തു നടത്തിയിട്ടുണ്ടോയെന്ന പരിശോധനയിലാണ്. ചെന്നൈയിൽനിന്നു പിടികൂടിയ മുഖ്യസൂത്രധാരൻ സുൽത്താൻ അക്ബർ അലിയിൽ നിന്നു രാജ്യാന്തര കള്ളക്കടത്ത് ഉൾപ്പെടെ വിവരങ്ങൾ ചോദിച്ചറിയാന്നുണ്ട്. അറസ്റ്റ് ചെയ്തു കൊണ്ടുവരുമ്പോൾ ഇയാൾ ചോദ്യം ചെയ്യലിനോടു സഹകരിച്ചില്ല. ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ മറവിൽ വിദേശയാത്ര നടത്തിയാണു സ്വർണവും കഞ്ചാവും കടത്തിയിരുന്നത്. പ്രതികളുടെ രീതിയെക്കുറിച്ച് എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ടെങ്കിലും അതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. കഞ്ചാവ് സൂക്ഷിച്ച സ്ഥലങ്ങളിൽ ഉൾപ്പെടെ നടത്തുന്ന തെളിവെടുപ്പിലാണ് പ്രതീക്ഷ.