
അൻവറിന് വീണ്ടും പുതിയ പാർട്ടി?; കേരള പാർട്ടി രൂപീകരിക്കാൻ കോൺഗ്രസ് ആവശ്യപ്പെടും, തൃണമൂൽ ബന്ധം പ്രയാസം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കേരള പാർട്ടി രൂപീകരിക്കണമെന്ന് നോട് ആവശ്യപ്പെടാൻ കോൺഗ്രസ്. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കാൻ പ്രയാസമാണെന്നാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യം കോൺഗ്രസ് നേതാക്കൾ നാളെ നടക്കുന്ന കൂടിക്കാഴ്ചയിൽ അൻവറിനെ അറിയിക്കും. തൃണമൂൽ കോൺഗ്രസിനെ എടുത്തുചാടി യുഡിഎഫിലേക്ക് എടുക്കുന്നത് അബദ്ധമാകുമെന്നാണ് ചില ഘടകകക്ഷികളുടെയും നിലപാട്. തൃണമൂൽ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി സംസ്ഥാനത്ത് രൂപീകരിക്കുന്നതാകും ഉചിതമെന്നാണ് കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം.
യുഡിഎഫിലെ ഭാരതീയ നാഷനൽ ജനതാദൾ നേതാവായ ജോൺ ജോൺ രണ്ടു വർഷം മുൻപ് ആർജെഡിയിൽ ചേർന്നിരുന്നു. എന്നാൽ ശ്രേയാംസ് കുമാറിന്റെ പാർട്ടി ആർജെഡിയിൽ ലയിച്ചതോടെ ജോൺ ജോൺ പുറത്തായി. ഇതോടെ ജോൺ ജോൺ വീണ്ടും പുതിയ പാർട്ടിയായി. ദേശീയ പാർട്ടിയാകുമ്പോഴുള്ള ഇത്തരം പ്രായോഗിക പ്രശ്നങ്ങൾ അടക്കം നേതാക്കൾ അൻവറിനെ ബോധ്യപ്പെടുത്തും. മാണി സി.കാപ്പൻ കേരള പാർട്ടി രൂപീകരിച്ച് നിൽക്കുന്നതു പോലെ മുന്നണിയിലേക്ക് കടന്നുവരുന്നതാണ് നല്ലതെന്നും നേതാക്കൾ പറയും.
മുന്നണിയിൽ ഘടകക്ഷിയാക്കാതെ പുറത്തുനിർത്തി സഹകരിപ്പിക്കുന്ന കാര്യവും കോൺഗ്രസിന്റെ ആലോചനയിലുണ്ട്. അങ്ങനെയെങ്കിൽ യുഡിഎഫ് യോഗത്തിൽ അടക്കം പങ്കെടുക്കാൻ പറ്റിയേക്കില്ല. ഇക്കാര്യത്തിൽ അൻവർ സ്വീകരിക്കുന്ന നിലപാടാകും നിർണായകമാവുക. സിപിഎമ്മുമായുള്ള സഹകരണം അവസാനിപ്പിച്ച് ഡിഎംകെയായ അൻവർ പിന്നീടാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ഇനിയും പുതിയ പാർട്ടി രൂപീകരിക്കുന്നത് വിശ്വാസ്യതയെ ബാധിക്കുമെന്ന ആശങ്ക അൻവറിനും ഒപ്പമുള്ളവർക്കുമുണ്ട്.
അൻവർ യുഡിഎഫിൽ ചേരുന്നതിനോട് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനും വലിയ താൽപര്യമില്ലെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസിലെ ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി മമത ബാനർജിക്ക് കത്തയച്ചു. പാർട്ടിയുടെ ദേശീയ നേതാക്കൾ സംസ്ഥാനത്ത് എത്തിയിരുന്നെങ്കിലും കോൺഗ്രസ് ബന്ധത്തോട് മമതയ്ക്ക് താൽപര്യമില്ല.
കോൺഗ്രസിൽ ചേരുക അൻവറിനെ സംബന്ധിച്ച് അത്ര എളുപ്പമായിരിക്കില്ലെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസുമായുള്ള പ്രശ്നം മാറ്റിനിർത്തിയാൽ അൻവറിനെ കയ്യൊഴിയരുതെന്നാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവറിന് മലബാറിൽ മറ്റൊരു സീറ്റ് നൽകുമെന്ന് പറയുന്നുണ്ടെങ്കിലും അങ്ങനെ ഒരു സീറ്റ് അൻവർ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ അൻവറിനെ ഒപ്പം കൂട്ടുന്നത് നിലമ്പൂർ, കൊടുവള്ളി, പെരിന്തൽമണ്ണ, മങ്കട, തിരുവമ്പാടി അടക്കമുള്ള മണ്ഡലങ്ങളിൽ ഗുണം ചെയ്യുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. പെരിന്തൽമണ്ണയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചത് 38 വോട്ടിന് മാത്രമാണ് എന്ന കാര്യവും നേതാക്കൾ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.