
കരുണയുടെ കരങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
∙ വത്തിക്കാനിൽ, വിശുദ്ധ പത്രോസിന്റെ ദേവാലയത്തിന്റെ തിരുമുറ്റത്തേക്ക്, സൗമ്യമായൊരു ഇളംതെന്നൽപോലെ വരികയാണ്. പോപ്പ് മൊബീൽ എന്നു പേരിട്ട പാപ്പാവാഹനത്തിനു ചുറ്റും സുരക്ഷാവലയത്തിന്റെ ബഹളങ്ങളില്ല. മാർപാപ്പയെ കാണാൻ, ആ കണ്ണിൽപ്പെടാൻ കാത്ത,് ലോകത്തിന്റെ മുക്കിലും മൂലയിലുംനിന്നുമെത്തിയ ജനസഞ്ചയം. രോഗത്തിന്റെയും വാർധക്യത്തിന്റെയും പരിമിതികളുള്ളവരെ കണ്ണിൽപ്പെട്ടാലുടൻ മാർപാപ്പയുടെ വാഹനം നിൽക്കുന്നു. കുഞ്ഞുങ്ങളെ അദ്ദേഹം വാരിപ്പുണരുന്നു; അവർക്ക് ഉമ്മ കൊടുക്കുന്നു, രോഗബാധിതരെ പ്രാർഥനയോടെ ആശ്ലേഷിക്കുന്നു; അവർക്കുമേൽ അനുഗ്രഹങ്ങൾ ചൊരിയുന്നു. പരിശുദ്ധ പിതാവിന് ഒട്ടും തിരക്കുണ്ടായിരുന്നില്ല. എല്ലാവർക്കുംവേണ്ടി, വിശേഷിച്ചും പ്രാർഥനയും സഹായവും ആവശ്യമുള്ളവർക്കെല്ലാം വേണ്ടി അദ്ദേഹം സമയം കണ്ടെത്തി. സുരക്ഷാ ഭടന്മാർ കുഞ്ഞുങ്ങളെ മാർപാപ്പയുടെ പക്കലേക്ക് എടുത്തുയർത്തുന്നതു കരുതലോടെയും വാത്സല്യത്തോടെയുമാണ്. പാപ്പാ അവർക്കു സ്നേഹസ്പർശം സമ്മാനിക്കുന്നു.
2015 മേയ് 13 ബുധനാഴ്ച. ഏറെക്കാലത്തെ ആഗ്രഹപൂർത്തീകരണമായി ഞാനും കുടുംബാംഗങ്ങളും പരിശുദ്ധ പിതാവിനെ കാണാനെത്തിയത് അന്നാണ്. വിശ്വാസികൾക്കായുള്ള പ്രതിവാര കൂടിക്കാഴ്ചയ്ക്കിടയിൽ ഞങ്ങൾക്കായി പ്രത്യേക സൗകര്യം ഒരുക്കിത്തന്നത് മലങ്കര കത്തോലിക്കാ സഭാ മേലധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായാണ്. കർദിനാളിന്റെ നിർദേശപ്രകാരം സുൽത്താൻ ബത്തേരിയിൽനിന്നുള്ള ഫാ. കുര്യാക്കോസ് എനിക്കും ഭാര്യ പ്രേമയ്ക്കും സൗകര്യപ്രദമായി മാർപാപ്പയെ കാണാൻ പറ്റിയ ഒരു പ്രത്യേക സ്ഥലം ഒരുക്കിത്തന്നു. ഇങ്ങനെയൊരു കൂടിക്കാഴ്ച ഏർപ്പാടാക്കണമെന്ന് ഡൽഹിയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് സാൽവതോറെ പിനാച്ചിയോയോടും ക്ലീമീസ് ബാവാ അഭ്യർഥിച്ചിരുന്നു. മകൻ ജയന്തും കുടുംബവും എന്റെ സഹോദരൻ ഫിലിപ് മാത്യുവിന്റെ മകൻ അമിതും കുടുംബവും എനിക്കൊപ്പമുണ്ടായിരുന്നു. ലോകത്തിനാകെ സൗഖ്യംപകരാൻ ശ്രമിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ രണ്ടു ശ്വാസകോശങ്ങളിൽ ഒന്നേ പ്രവർത്തിക്കുന്നുള്ളൂവെന്ന് ന്യൂയോർക്ക് ടൈംസിന്റെ രാജ്യാന്തര എഡിഷനിൽ ഞാൻ വായിച്ചത് പിന്നെയും രണ്ടുമൂന്നു ദിവസം കഴിഞ്ഞാണ്. എന്നാൽ, വത്തിക്കാനിലെ ആ കൂടിക്കാഴ്ചയിൽ എനിക്കൊരു കാര്യം ബോധ്യപ്പെട്ടു; സഹജീവികളെ സ്നേഹിക്കുകയും അവരുടെ ദുഃഖങ്ങൾ പങ്കിടുകയും ചെയ്യുന്ന വലിയ രണ്ടു ഹൃദയങ്ങൾ അദ്ദേഹത്തിനുണ്ടെന്ന്.
മാർപാപ്പയെ മൂന്നു മണിക്കൂർ അടുത്തുനിന്നു കാണാൻ ഞങ്ങൾക്കു ഭാഗ്യമുണ്ടായി. ആ സാന്നിധ്യത്തിന്റെ കാന്തിക വലയത്തിൽപ്പെട്ടു നിൽക്കുമ്പോൾ എനിക്കു ബോധ്യപ്പെട്ടു: അദ്ദേഹം സമാധാനത്തിന്റെ ഫ്രാൻസിസാണ്; കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും വിശുദ്ധ ഫ്രാൻസിസ്. ജനങ്ങളുടെ പാപ്പാ, ജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ച്, അവരെ സമാശ്വസിപ്പിച്ച്, പാപ്പാവാഹനത്തിൽനിന്നിറങ്ങി നടന്ന്, തന്റെ പ്രതിവാര പ്രസംഗവേദിയിലെ ഇരിപ്പിടത്തിനരികിലെത്തുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ വാസ്തുപ്രൗഢിക്കു മുൻപിൽ ആരും കൈകൂപ്പി നിന്നുപോകുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അതിവിശാലമായ അങ്കണത്തിൽ സമ്മേളിച്ചിരിക്കുന്നത് ആയിരങ്ങളാണ്. അവർക്കുമേൽ ശാന്തിസ്പർശമായി മാർപാപ്പയുടെ വാക്കുകൾ വന്നിറങ്ങുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളിൽ ഭാഷയുടെയോ ആശയങ്ങളുടെയോ സങ്കീർണതയില്ല. ആ വാക്കുകൾ സാധാരണക്കാർക്കുള്ളതാണ്; എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഓരോവാക്കിലും നിറയുന്നത് സൗമ്യമായ ശാന്തതയുടെ കുളിർമ.
ഇതേ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മുൻപു പരാമർശിച്ചിട്ടുള്ള മൂന്നു ഭാഷാ പ്രയോഗങ്ങളെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നതെന്ന് അദ്ദേഹം ആമുഖമായി പറഞ്ഞു. ഇംഗ്ലിഷിലാവുമ്പോൾ, മേ ഐ, താങ്ക് യു, പാർഡൻ മി എന്നിങ്ങനെയാണ് അവ. കുടുംബജീവിതത്തിൽ അദ്ഭുതങ്ങൾ തീർക്കാൻ കഴിയുന്ന വാക്കുകളാണിവയെന്നു മാർപാപ്പ പറഞ്ഞു; ശാന്തിയുടെ മൂന്നു മൂലക്കല്ലുകൾ. മൂന്നും ലളിതം. പക്ഷേ, നടപ്പാക്കൽ അത്ര ലളിതമല്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ, ഈ പ്രയോഗങ്ങൾക്കുമേൽ ഭാഷാവരം കൈവരിച്ചുകഴിഞ്ഞാൽ നിത്യജീവിതത്തിലേക്ക് വിജയങ്ങൾ പടികയറിവരും; നൂറുനൂറു പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പദങ്ങളിൽ അടങ്ങിയിരിക്കുന്നു. ഇവയുടെ അസാന്നിധ്യം ജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തുന്നു; ആ വിള്ളലുകൾ വലുതായി അവയിലൂടെ ജീവിതംതന്നെ ചോർന്നുപോയേക്കാം.
സൗമ്യവും അഭിജാതവും സംസ്കാരസമ്പന്നവുമായ പെരുമാറ്റത്തിന്റെ അടയാളവാക്യങ്ങൾ കൂടിയാണ് ഈ പദപ്രയോഗങ്ങൾ എന്ന് മാർപാപ്പ ഓർമിപ്പിച്ചു. വിശുദ്ധിയിലേക്കുള്ള പാതിദൂരം യാത്രചെയ്ത ഫലമാണു നല്ല പെരുമാറ്റം നൽകുന്നതെന്ന് ഫ്രാൻസിസ് ഡി സാലസ് എന്ന ബിഷപ് മുൻപൊരിക്കൽ പറഞ്ഞത് പാപ്പാ അനുസ്മരിക്കുകയും ചെയ്തു, എന്നാൽ, ഈ പ്രയോഗങ്ങൾ കേവലം ഉപചാരത്തിനുവേണ്ടി മാത്രമായിക്കൂടാ. അങ്ങനെയായാൽ അത് ആത്മാവിന്റെ വരൾച്ചയാണ് കാണിക്കുക; അപരനോടുള്ള നിർവികാരതയും. ചിലപ്പോഴെങ്കിലും നല്ല പെരുമാറ്റത്തിനു പിന്നിൽ ചീത്തസ്വഭാവങ്ങൾ ഒളിഞ്ഞിരിക്കുന്നുമുണ്ട്. ഈ ദുരന്തത്തിൽനിന്നു മതങ്ങൾ പോലും മോചിതമല്ല. വെറും ഉപചാരപ്രയോഗങ്ങൾ ആധ്യാത്മികതയെ ലൗകികതയിൽ മുക്കിക്കൊല്ലുന്നു. ഇംഗ്ലിഷിൽ ‘മേ ഐ’ എന്നു തുടങ്ങുന്ന ഒരു വാക്യം എളിമയുടെ അടയാളമാകുന്നു. ‘ഞാൻ ഇങ്ങനെ ചെയ്തോട്ടേ?’ എന്ന വിനീതമായ ചോദ്യമാണ് അതിൽ അടങ്ങിയിരിക്കുന്നത്. നമുക്കു ചെയ്യാൻ അവകാശമുള്ള ഒരു കാര്യമാണെങ്കിൽകൂടി ‘ചെയ്തോട്ടേ?’ എന്നൊരു എളിമ ചേർക്കുന്നതോടെ, മറ്റുള്ളവരുടെ വികാരംകൂടി മാനിക്കാനുള്ള സന്നദ്ധതയുടെ ശോഭ അതിൽ വന്നുനിറയുന്നു. കടന്നാക്രമണത്തിന്റെ ഭാവം ആർക്കും നന്നല്ല.
‘താങ്ക് യു’ എന്നു നന്ദി പറയുന്നതു ബലഹീനതയാണെന്നു കരുതുന്നവരുണ്ട്. നന്ദിയും കടപ്പാടും ഏതു വിശ്വാസപ്രമാണത്തിന്റെയും പൂമുഖത്തു നിൽക്കേണ്ടതാണ്. ഉപകാരങ്ങൾക്കു നന്ദി പറയുമ്പോൾ പ്രകടമാവുന്നതു മനസ്സിന്റെ സംസ്കാരമാണ്. സന്മനസ്സിൽ പൂവിടുന്നതാണ് നന്ദി; അതെത്ര മനോഹരം. കുടുംബജീവിതത്തിലെ എല്ലാ സംഘർഷങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് മനസ്സിൽതൊട്ട ക്ഷമാപണം. ഇംഗ്ലിഷിലെ പാർഡൻ മി. എനിക്കു തെറ്റിപ്പോയി, മാപ്പു തരൂ, ക്ഷമിക്കൂ എന്നു പറയാൻ വിസമ്മതിക്കുന്ന കുടുംബങ്ങളിൽ ശുദ്ധവായു പ്രവേശിക്കുന്നില്ല. അവിടെ ശ്വാസംമുട്ടലുണ്ടാവും. പ്രശ്നങ്ങൾ അവിടേക്ക് ഇരച്ചുകയറും. തെറ്റുകളും വീഴ്ചകളും ക്ഷമിക്കാതെയും ക്ഷമിക്കപ്പെടാതെയും ഒരു പകൽപോലും രാത്രിയിലേക്കു കാലെടുത്തുവയ്ക്കരുതെന്നാണ് മാർപാപ്പ പറയുക. ജീവിതപങ്കാളിയോട്, കുഞ്ഞുങ്ങളോട്, മാതാപിതാക്കളോട് വഴക്കു കൂടാനിടയായാൽ, ആ വഴക്കു തീർത്തിട്ടേ ഉറങ്ങാൻ പോകാവൂ. ക്ഷമാപണം ആത്മാവിനു ശാന്തിനൽകും; ജീവിതത്തിന് ആശ്വാസവും. ലളിതമായ വാക്കുകളാണിവ; ലളിതമായ ആശയങ്ങളും. കേൾക്കുമ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞേക്കാം. ഇതു നിസ്സാരമല്ലേ എന്നു തോന്നാം. പക്ഷേ, ഇവ കൈവിട്ടാൽ കാര്യം നിസ്സാരമല്ലാതാവും.
വലിയതെന്തെങ്കിലും പറഞ്ഞു എന്നൊരു ഭാവമില്ലാതെ പരിശുദ്ധ പിതാവ് കസേരയിൽനിന്ന് എഴുന്നേൽക്കുകയാണിപ്പോൾ. വീണ്ടും വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക്; ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നു വന്ന ജനങ്ങളിലേക്ക്; വാർധക്യവും രോഗവും സമാധാനക്കേടും അലട്ടുന്ന നിർഭാഗ്യരിലേക്ക്. ചുണ്ടിൽ പുഞ്ചിരിമാത്രം; മനസ്സിലും വിരൽത്തുമ്പിലും പ്രാർഥനയും അനുഗ്രഹങ്ങളും. ഭിന്നശേഷിയുള്ളവർക്കായി ഒരുക്കിയ ഭാഗത്തേക്ക് അദ്ദേഹം മടങ്ങിപ്പോയി. ഓരോരുത്തരുമായും സംസാരിച്ചു; അവരെ സമാശ്വസിപ്പിച്ചു; ഏറെനേരം അവിടെ ചെലവിട്ടു. ഒരാളെപ്പോലും പാപ്പാ കാണാതിരുന്നില്ല. ഉവ്വ്, വ്യഗ്രതകളുടെ ഈ ലോകത്തിൽ അദ്ദേഹത്തിന് ഒരു തിരക്കുമില്ല. എല്ലാവരും, സാധാരണക്കാർ ഉൾപ്പെടെ എല്ലാവരും, അദ്ദേഹത്തിനു പ്രിയപ്പെട്ടവരാണ്. അദ്ദേഹം ആരുടെയും ജാതിയും മതവും ചോദിക്കുന്നില്ല. ആ സാന്നിധ്യത്തിനു മുൻപിൽ അവയെല്ലാം അപ്രസക്തമാകുന്നു.
ഔദ്യോഗിക സന്ദർശനത്തിനെത്തിയ കർദിനാൾമാർ, ബിഷപ്പുമാർ, നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയായിരുന്നു പിന്നീട്. അതുകഴിഞ്ഞ്, ഞാനും ഭാര്യയുമിരുന്ന ഭാഗത്തേക്ക് പരിശുദ്ധ പിതാവ് വന്നു. ഞങ്ങളുടെ അടുത്തിരുന്ന സ്ത്രീ അവരുടെ പേരക്കുട്ടികളുടെ ചിത്രം കൊണ്ടുവന്നിരുന്നു. അവരെ അനുഗ്രഹിക്കണം എന്നായിരുന്നു ആ മുത്തശ്ശിയുടെ അഭ്യർഥന. ചിത്രത്തിൽ തൊട്ടു പ്രാർഥിക്കുക മാത്രമല്ല മാർപാപ്പ ചെയ്തത്; ചിത്രത്തിൽ പാപ്പാ ചുംബിച്ചപ്പോൾ ആ മുത്തശ്ശിയുടെ കണ്ണുകൾ സന്തോഷാശ്രുക്കളാൽ നിറഞ്ഞൊഴുകി. ഞാനും എന്റെ ഭാര്യയും ഫ്രാൻസിസ് മാർപാപ്പയുടെ കൈമുത്തി. എന്റെ രാജ്യത്തിനും എന്റെ സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുംവേണ്ടി പ്രാർഥിക്കണമെന്ന് ഞാൻ അപേക്ഷിച്ചു; രോഗബാധിതരായ എന്റെ സുഹൃത്തുക്കളുടെയും അവരുടെ കുഞ്ഞുങ്ങളുടെയും കാര്യം ഞാൻ പ്രത്യേകം പറഞ്ഞു. ഇക്കാര്യങ്ങൾ ഞാൻ മലയാള മനോരമയുടെ വിസിറ്റിങ് കാർഡിൽ എഴുതിവച്ചിരുന്നത് പരിശുദ്ധ പിതാവിനു നൽകി. അദ്ദേഹം അതു വാങ്ങി പോക്കറ്റിൽ സൂക്ഷിച്ചു. മാർപാപ്പയ്ക്ക് ഒപ്പമുണ്ടായിരുന്ന സഹായികൾ ഞങ്ങൾക്കു രണ്ടു കൊന്തകൾ തന്നു. ഞങ്ങളതു കൊച്ചുമക്കൾക്കു സമ്മാനിച്ചു; എന്നെന്നും സൂക്ഷിച്ചുവയ്ക്കാൻ. ഔന്നത്യത്തിന്റെ ഭാവങ്ങളില്ലാത്ത ആ വിശുദ്ധസാന്നിധ്യം ഞങ്ങളുടെ മനസ്സിനെ കീഴടക്കിയെന്നു പറയണം. മനസ്സിൽ ധന്യത നിറയുന്ന അനുഭവം. പരിശുദ്ധ പിതാവിന്റെ ദൈനംദിന ജീവിതം തിരക്കൊഴിയാത്തതാണെങ്കിലും സെന്റ് പീറ്റേഴ്സ് ചത്വരത്തിൽനിന്നു മടങ്ങാൻ പിന്നെയും സമയമെടുത്തു.
കമ്യൂണിസ്റ്റ് വിപ്ലവകാരിയായ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയെ മാർപാപ്പ സ്വീകരിച്ചത് തൊട്ടുതലേന്നാണ്. ക്യൂബയും അമേരിക്കയും തമ്മിൽ നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ ചർച്ചകൾ തുടങ്ങിവച്ചത് ഫ്രാൻസിസ് പാപ്പായാണ്. മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ മാധ്യമസമ്മേളനത്തിൽ റൗൾ കാസ്ട്രോ പറഞ്ഞു: ‘ഞാൻ ഫ്രാൻസിസ് മാർപാപ്പയെ കണ്ടു; അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ആഹ്വാനങ്ങളും കൃത്യമായി കേൾക്കുന്നുണ്ടെന്നു ഞാൻ പാപ്പായോടു പറഞ്ഞു. എല്ലാറ്റിനും ഞാൻ ശ്രദ്ധയോടെ കാതോർക്കുന്നു; അവയിൽ ഒരുപാട് അർഥങ്ങളും സത്യങ്ങളുമുണ്ട്. കമ്യൂണിസ്റ്റാണെങ്കിലും ക്യൂബയിൽ പള്ളികൾ തുറന്നു കൊടുക്കാനാലോചിക്കുകയാണ് ഞാനിപ്പോൾ. ക്യൂബയിൽ മതത്തിന് അർഹിക്കുന്ന സ്ഥാനം നൽകുന്ന കാര്യവും തീർച്ചയായും പരിഗണിക്കും’.
പലസ്തീന് പരമാധികാര രാഷ്ട്രമായി വത്തിക്കാൻ അംഗീകാരം നൽകിയതു ഞങ്ങൾ അവിടെ ഉണ്ടായിരുന്നപ്പോഴാണ്. ഉവ്വ്, രാഷ്ട്രതന്ത്രപരമായ കാര്യങ്ങളിൽ മാർപാപ്പയുടെ തീരുമാനങ്ങൾക്കും നടപടികൾക്കും അതിവേഗമാണ്. എന്നാൽ, തന്റെ അനുഗ്രഹം തേടിയെത്തുന്ന അശരണർക്കായി എത്രസമയം മാറ്റിവയ്ക്കാനും അദ്ദേഹം ഒരുക്കം. യൂറോപ്പിലും അമേരിക്കയിലും ക്രിസ്തുമതാനുയായികളുടെ എണ്ണം കുറഞ്ഞുവരുമ്പോഴും ഫ്രാൻസിസ് മാർപാപ്പയുടെ പക്കലേക്ക് ഒഴുക്കു വർധിക്കുന്നതേയുള്ളൂ.
തന്റെ സന്തോഷത്തിന്റെ രഹസ്യമെന്തെന്ന ചോദ്യത്തിനു പാപ്പാ ഇങ്ങനെയാണു മറുപടി നൽകിയത്: ‘ഇടയ്ക്കൊക്കെ തിരക്കുകൾക്ക് അവധി കൊടുക്കുക. ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക. സമാധാനം ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുക. മനുഷ്യന്റെ അന്തസ്സിനു ചേരുന്ന ജോലികൾ മാത്രം ചെയ്യുക. നിഷേധാത്മക ചിന്തകളെ അകറ്റിനിർത്തുക. കലയും പുസ്തകങ്ങളുമൊക്കെ ആസ്വദിക്കുക. മനസ്സിന് അയവു നൽകി, ജീവിതത്തിലൂടെ ശാന്തമായി കടന്നുപോകുക.’ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലൂടെ, വാക്കുകളില്ലാത്ത ഒരു പ്രാർഥനപോലെ ഫ്രാൻസിസ് മാർപാപ്പ കടന്നുപോകുന്നു….