
പൂനെ: നാലു വയസ്സുള്ള മകനുമൊത്ത് ടെക്കി യുവതി 11ാം നിലയിൽ നിന്ന് ചാടി മരിച്ചു. പൂനെയിലെ വാക്കാട് റസിഡൻഷ്യൽ കെട്ടിടത്തിൻ്റെ പതിനൊന്നാം നിലയിൽ നിന്നാണ് 32 കാരിയായ കമ്പ്യൂട്ടർ എഞ്ചിനീയറും നാല് വയസ്സുള്ള മകനും ചാടി മരിച്ചത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
അതേസമയം, യുവതി മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്ന് കുടുംബം പറയുന്നു. ശനിയാഴ്ച പുലർച്ചെ 5 മണിയോടെ വലിയ ശബ്ദം കേട്ടാണ് മറ്റു താമസക്കാർ എഴുന്നേറ്റത്. ഉടൻ തന്നെസുരക്ഷാ ഗാർഡുകളെ വിവരമറിയിച്ചു. തുടർന്ന് സ്ത്രീയെയും മകനെയും രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കാണുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയുടെ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ച് കൊണ്ട് ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ഇരുവരും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
യുവതിയുടെ ഭർത്താവ് യുഎസിൽ ആണ് ജോലി ചെയ്യുന്നത്. 2018ലാണ് ഇരുവരുടേയും വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം യുവതി ഭർത്താവിനൊപ്പം യുഎസിലെ ടെക്സാസിലേക്ക് പോയി. എന്നാൽ ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് യുവതി ജോലി ഉപേക്ഷിച്ച് തിരിച്ചു വരികയായിരുന്നുവെന്ന് അവളുടെ ബന്ധുക്കൾ പറയുന്നു. മാനസിക പ്രശ്നങ്ങൾക്ക് യുവതി യുഎസിലും ചികിത്സയിലാണെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ഇന്ത്യയിൽ ചികിത്സ നൽകാനായി ഭർത്താവ് യുവതിയെ ഇന്ത്യയിലേക്കയക്കുകയായിരുന്നു. ഏപ്രിൽ 5 നാണ് സ്ത്രീയും മകനും ഇന്ത്യയിലെത്തിയത്. കുറച്ച് ദിവസത്തേക്ക് അവൾ മാതാപിതാക്കളോടൊപ്പം താമസിച്ചു. മാതാപിതാക്കൾ സൈക്കോളജിക്കൽ കൺസൾട്ടൻ്റിനെ കാണിച്ചിരുന്നുവെന്നും സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Last Updated Apr 22, 2024, 11:57 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]