
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേരളാ പൊലീസ് കേസ് എടുത്തതിനെ കുറിച്ച് അറിയില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഇലക്ഷൻ കമ്മീഷന് പരാതി നൽകിയതിന് പുറമേ താൻ ദില്ലി കോടതിയിൽ ഒരു ക്രിമിനൽ കേസ് നൽകിയിരുന്നു. അതിന്റെ നടപടികൾ തുടങ്ങിയിട്ടുമുണ്ട്. ഇത് മനസിലാക്കിയാകാം കേരളത്തിലും കേസെടുത്തത്. അല്ലെങ്കിൽ ഇത്തരമൊരു പരാതിയിൽ എന്ത് ചെയ്തെന്ന ചോദ്യം ഉയരും. നുണ പറഞ്ഞ് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും. ആദ്യം ആരോപണം ഉന്നയിക്കും, പിന്നെ അത് മാറ്റിപ്പറയുമെന്ന സ്ഥിതിയാണ്. നുണയുടെ രാഷ്ട്രീയം നിയമം അനുവദിക്കുന്നില്ലെന്നും നുണ പറഞ്ഞ് വ്യക്തിഹത്യ നടത്താൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്നും എൻഡിഎ സ്ഥാനാർത്ഥി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സൈബർ പൊലീസാണ് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീതിന് പിന്നാലെയാണ് ശശി തരൂരിനെതിരെ കേസെടുത്തത്. പ്രചാരണത്തിനിടെ ഒരു ചാനൽ അഭിമുഖത്തിൽ തരൂർ നടത്തിയ ആരോപണമാണ് കേസിനാധാരം. തീരദേശമേഖലയിൽ രാജീവ് ചന്ദ്രശേഖർ വോട്ടിന് പണം നൽകുന്നുവെന്നായിരുന്നു തരൂരിന്റെ ആക്ഷേപം. ഇതിനെതിരെ രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു. ഈ പരാതി കമ്മീഷൻ ഡിജിപിക്ക് കൈമാറുകയായിരുന്നു.
Last Updated Apr 21, 2024, 6:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]