
അസ്സമിൽ നിന്നുള്ള 34 -കാരിയും 16 -കാരിയായ മകളും ഒരുമിച്ച് പത്താം ക്ലാസ് പരീക്ഷയെഴുതി വിജയിച്ചിരിക്കുകയാണ്. വിവാഹത്തെ തുടർന്നാണ് 34 -കാരിക്ക് തന്റെ പഠനം ഉപേക്ഷിക്കേണ്ടി വന്നത്.
ബിശ്വനാഥ് ജില്ലയിലെ സിലമാരി ഗ്രാമത്തിലെ മാസിയ ഖാത്തൂൺ 49 ശതമാനവും മകൾ അഫ്സാന (16) 52 ശതമാനവുമാണ് പരീക്ഷയിൽ മാർക്ക് വാങ്ങിയത്. എഫ്എ അഹമ്മദ് ഹൈസ്കൂളിലായിരുന്നു ഇരുവരും പരീക്ഷ എഴുതിയത്. പഠിക്കണമെന്ന് നേരത്തെ തന്നെ വലിയ ആഗ്രഹമായിരുന്നു മാസിയയ്ക്ക്. എന്നാൽ, ചെറുപ്പത്തിലെ തന്നെ അവളുടെ വിവാഹം കഴിഞ്ഞു. മാത്രവുമല്ല, അതോടെ പഠിക്കാനുള്ള സ്വപ്നങ്ങൾക്കും പൂട്ടു വീഴുകയായിരുന്നു.
പിന്നീട്, അവർ ഒരു അങ്കണവാടി ജീവനക്കാരിയായി പ്രവർത്തിക്കുകയായിരുന്നു. അപ്പോഴെല്ലാം പഠിക്കണം എന്ന ആഗ്രഹം അവരുടെ ഉള്ളിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ, ഇനി തനിക്ക് കൂടുതൽ പഠിക്കാൻ താൽപ്പര്യമില്ലെന്നും തൻ്റെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നത് എന്നും മാസിയ പറഞ്ഞു.
“എനിക്ക് പത്താം ക്ലാസെങ്കിലും പാസാകാനുള്ള കഴിവുണ്ടെന്ന് തെളിയിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഏഴ് സഹോദരങ്ങളിൽ ഒരാളായിരുന്നു ഞാൻ. എൻ്റെ കുടുംബം എനിക്ക് യോജിച്ച ഒരു വരനെ കണ്ടെത്തി. 2006 -ൽ എന്റെ വിവാഹവും കഴിഞ്ഞു. എന്നാൽ, ഇനിയുള്ള മാതാപിതാക്കൾ അവരുടെ മക്കളെ വിവാഹം കഴിപ്പിക്കാൻ അവരുടെ വിദ്യാഭ്യാസം പൂർത്തിയാകുന്നത് വരെ എങ്കിലും കാത്തിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു” മാസിയ TOI യോട് പറഞ്ഞു.
പല അങ്കണവാടി ജീവനക്കാരും മെട്രിക്കുലേറ്റുകാരാണ്, എന്നാൽ തൻ്റെ സിലമാരി ഗ്രാമത്തിൽ അക്കാലത്ത് അനുയോജ്യരായ ഉദ്യോഗാർത്ഥികൾ ഇല്ലാതിരുന്നതിനാലാണ് യോഗ്യതയില്ലെങ്കിലും തനിക്ക് ജോലി ലഭിച്ചതെന്ന് മാസിയ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]