
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നടപ്പിലാക്കുന്ന ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. മേയര്‍ അഡ്വ. എം അനില്‍ കുമാറിന്റെയും ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെയും നേതൃത്വത്തിലാണ് അവലോകന യോഗം നടന്നത്. നഗരത്തില്‍ മൂന്ന് വര്‍ഷമായി നടന്നുവരുന്ന മുല്ലശേരി കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.
മുല്ലശ്ശേരി കനാലിന്റെ നവീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭാഗങ്ങളില്‍ റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ ഭാഗമായി കമ്മട്ടിപ്പാടത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്കി. ഹൈക്കോടതി പരിസരത്ത് നിന്ന് മംഗള വനം ഭാഗത്തെ കനാലിലേക്ക് വെള്ളം സുഖമായി ഒഴുകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജൂണ്‍ മാസത്തിനു മുന്‍പായി തേവര- പേരണ്ടൂര്‍ കനാലില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ജലസേചന വകുപ്പ് യോഗത്തില്‍ ഉറപ്പു നല്കി.
മേയര്‍ മുന്‍കൈയെടുത്ത് കിഫ്ബിയില്‍ നിന്ന് എട്ട് കോടി അനുവദിച്ച് ചെലവന്നൂര്‍ കനാലില്‍ നടക്കുന്ന ആഴം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കും. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും. വൈകാതെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും എന്നും കെ എം ആര് എല്‍ യോഗത്തില്‍ അറിയിച്ചു. കനാലിന് കുറുകെയുള്ള ചെട്ടിച്ചിറ പാലം അടക്കമുള്ള ഇടുങ്ങിയ പാലങ്ങളും, ചെറിയ പാലങ്ങളും പുനര്‍നിര്‍മ്മിക്കും. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ്വം ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറ് പ്രവര്‍ത്തനങ്ങള്‍ക്കായി 10.95 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി നഗരസഭാ സൂപ്രണ്ടന്റ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. എംജി റോഡില്‍ സ്ലാബുകള്‍ തകര്‍ന്നു കിടക്കുന്നിടത്തും സ്ലാബുകള്‍ ഇല്ലാത്തിടത്തും അടിയന്തരമായി സ്ലാബുകള്‍ ഇടാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്കി. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൊച്ചി കോര്പ്പറേഷന്, പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പ്, ഫയര്‍ഫോഴ്സ് എന്നിവര്‍ ഏകോപനത്തോടെ നടപ്പിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]