
കൊച്ചി : വയർലെസ് ആർത്രോസ്കോപ്പി വിജയകരമായി നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി വിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ. 58 വയസ്സുള്ള സ്ത്രീയിലാണ് വയർലെസ് അത്രോസ്കോപ്പിയിലൂടെ സന്ധിയിലെ മെനിസ്കസ് റൂട്ട് റിപ്പയർ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
ഉള്ളിലേക്ക് കടത്തിവിടുന്ന ഒരു ചെറിയ ക്യാമറയിലൂടെ സന്ധികളിലെ രോഗാവസ്ഥകൾ നിർണയിക്കാനും ചികിത്സിക്കാനും കഴിയുന്ന ഒരു മിനിമലി ഇൻവേസീവ് ചികിത്സാരീതിയാണ് ആർത്രോസ്കോപ്പി.
പരമ്പരാഗത ആർത്രോസ്കോപ്പിയിൽ ക്യാമറയിലെ ദൃശ്യങ്ങൾ കേബിളുകളിലൂടെയാണ് ലഭിക്കുന്നത്. അതേസമയം വയർലെസ് ആർത്രോസ്കോപ്പി കേബിളുകൾ ഇല്ലാതെ ദൃശ്യങ്ങൾ കൈമാറുന്നു. കൂടുതൽ സ്റ്റെബിലിറ്റി, സ്റ്റെറിലൈസേഷൻ സമയം കുറവ് എന്നതും ഇതിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്. ഒപ്പം കൃത്യത, കാര്യക്ഷമത, രോഗികളുടെ സുരക്ഷ എന്നിവ വർദ്ധിപ്പിക്കുന്നു.
വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിലെ ഓർത്തോപീഡിക് കൺസൾട്ടന്റ് ഡോ. ജോർജ് ജേക്കബാണ് ഈ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. “വയർലെസ് ആർത്രോസ്കോപ്പി ഓർത്തോപീഡിക്സ് മേഖലയുടെ മുഖച്ഛായ തന്നെ മാറ്റുന്നതാണ്. ഇത് ശസ്ത്രക്രിയയുടെ കൃത്യത വർദ്ധിപ്പിക്കുന്നു, ശസ്ത്രക്രിയ സമയത്ത് ഉണ്ടാകാവുന്ന അപകടസാധ്യതകളും അണുബാധയും കുറയ്ക്കുന്നു”, ഡോ. ജോർജ് ജേക്കബ് പറഞ്ഞു.
“പരമ്പരാഗത ആർത്രോസ്കോപ്പിയിൽ ക്യാമറയെ മോണിറ്ററുമായി ബന്ധിപ്പിക്കുന്നത് ഒന്നിലധികം കേബിളുകൾ ഉപയോഗിച്ചാണ്. ഇത് ക്യാമറയുടെ ചലനം പരിമിതപ്പെടുത്തുന്നു. വിപുലമായ കേബിൾ മാനേജ്മെൻ്റ് ഇതിൽ ആവശ്യമാണ്. വയർലെസ് ആർത്രോസ്കോപ്പി ഈ നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്നു. ശസ്ത്രക്രിയാ വിദഗ്ധർക്ക് ആവശ്യാനുസരണം ക്യാമറ ചലിപ്പിക്കാൻ കഴിയും. അത് കാരണം കൃത്യതയും കാര്യക്ഷമതയും മെച്ചപ്പെടുന്നു. സ്റ്റെറിലൈസേഷൻ സമയം കുറയ്ക്കുന്നതാണ് മറ്റൊരു പ്രധാന നേട്ടം.
‘വയർഡ് ആർത്രോസ്കോപ്പിയിൽ, കേബിളുകൾക്കും കണക്ടറുകൾക്കും ദീർഘനേരത്തെ അണുവിമുക്തമാക്കൽ ആവശ്യമാണ്, അതുകൊണ്ട് തന്നെ തയ്യാറെടുക്കുന്ന സമയം കൂടുതലാണ്. കൂടാതെ, വയർലെസ് സാങ്കേതികവിദ്യ അണുബാധ സാധ്യത കുറയ്ക്കുന്നു, ഇത് രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർണായക ഘടകമാണ്…’- അദ്ദേഹം പറഞ്ഞു.
‘കേബിളുകൾ ഒഴിവാകുന്നത് ശസ്ത്രക്രിയ കൂടുതൽ എളുപ്പമാക്കും. ശസ്ത്രക്രിയയ്ക്കിടയിൽ, ആകസ്മികമായ വിച്ഛേദമോ തടസ്സങ്ങളോ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്. വയർലെസ് സിസ്റ്റത്തിൻ്റെ ഹൈ-ഡെഫനിഷൻ തത്സമയ ദൃശ്യങ്ങൾ ശസ്ത്രക്രിയയുടെ കൃത്യത കൂടുതൽ മെച്ചപ്പെടുത്തുന്നു എന്നതും പ്രധാന പ്രത്യേകതയാണ്…’ – അദ്ദേഹം കൂട്ടിച്ചേർത്തു.
“വയർലെസ് ആർത്രോസ്കോപ്പി വിജയകരമായത് മെഡിക്കൽ സാങ്കേതികവിദ്യയിലെ തന്നെ ഒരു പ്രധാന ചുവടുവയ്പ്പാണ്. ഞങ്ങളുടെ രോഗികൾക്ക് അത്യാധുനിക ചികിത്സ ലഭ്യമാക്കാൻ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണ്. വയർലെസ് ആർത്രോസ്കോപ്പിക്ക് പുറമേ, നട്ടെല്ലിൻ്റെ 3ഡി ദൃശ്യങ്ങൾ പകർത്താൻ ഒ-ആം (O-Arm) മെഷീൻ അവതരിപ്പിക്കുന്ന ആദ്യത്തെ ആശുപത്രിയാണ് ഞങ്ങൾ”. വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]