
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷന് സർക്കാർ സഹായമായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർക്കാർ ആശുപത്രികൾക്കായി മരുന്നുകൾ വാങ്ങിയതിന്റെ ബിൽ തുക നൽകുന്നതിനാണ് പണം അനുവദിച്ചത്. ഈ വർഷം ആകെ 606 കോടി രൂപയാണ് കോർപറേഷന് സഹായമായി നൽകിയത്. ബജറ്റ് വിഹിതത്തിന് പുറമെ 250 കോടി രൂപ നൽകി. 356 കോടി രൂപയായിരുന്നു ബജറ്റ് വകയിരുത്തൽ. ഇതും അധികമായി 150 കോടി രൂപയും നേരത്തെ നൽകിയിരുന്നു.
അതേസമയം, കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡി(കെപിപിഎൽ)ന് സംസ്ഥാന സർക്കാർ സഹായമായി 25 കോടി രൂപ കൂടി അനുവദിച്ചതായി കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കമ്പനി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതത്തിൽനിന്നാണ് തുക ലഭ്യമാക്കുന്നത്.
കമ്പനിക്കായി ഈ വർഷം ബജറ്റിൽ വകയിരുത്തിയിരുന്ന തുകയിൽ ബാക്കിയുള്ള നാലു കോടിയും, അധിക ധനാനുമതിയായി 21 കോടി രൂപയുമാണ് ഇപ്പോൾ അനുവദിച്ചത്. കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനമായിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് വിറ്റഴിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ടെണ്ടറിൽ പങ്കെടുത്താണ് സംസ്ഥാനം ഏറ്റെടുത്തത്.
തുടർന്ന് കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന പേരിൽ പുനരുദ്ധരിച്ചു. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം 129.89 കോടി രൂപ സംസ്ഥാന സർക്കാർ കമ്പനിയുടെ പുനരുദ്ധാരണത്തിന് നൽകേണ്ടിയിരിന്നത്. അതിൽ 106 കോടി രുപ ഇതിനകം ലഭ്യമാക്കിയതായി മന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]