
‘നാനാത്വം രാജ്യത്തിന്റെ അടിസ്ഥാന തത്വം; മണ്ഡല പുനർനിർണയം നമ്മുടെ തലയ്ക്കുമുകളിൽ തൂങ്ങിക്കിടക്കുന്ന വാൾ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ∙ മണ്ഡല പുനർനിർണയത്തിൽ വടക്കേ ഇന്ത്യയ്ക്കു ഗുണകരമാകുമെന്ന് അറിയാവുന്നതുകൊണ്ടാണ് ബിജെപി മണ്ഡല പുനർനിർണയവുമായി മുന്നോട്ടുപോകുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. ബ്രിട്ടിഷുകാരുടെ കേന്ദ്രീകൃത ഭരണത്തെ എങ്ങനെയാണ് ഇന്ത്യക്കാർ എതിർത്തതെന്നും അവരെ പുറത്താക്കിയതെന്നും ഓർമിപ്പിച്ച പിണറായി വിജയൻ കേന്ദ്രത്തിനു മുന്നറിയിപ്പും നൽകി. ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ മണ്ഡല പുനർനിർണയത്തിന് എതിരെ സംയുക്ത കർമ സമിതി (ജെഎസി) രൂപീകരിക്കാൻ നടത്തുന്ന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
-
Also Read
ഇന്ത്യയുടെ നാനാത്വം രാജ്യത്തിന്റെ അടിസ്ഥാന തത്വമാണെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക ഭൂപ്രകൃതിയെ പാർശ്വവൽക്കരിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പു നൽകി. കേരളത്തിലെ കുടുംബശ്രീയും തമിഴ്നാടിന്റെ സ്കൂളുകളിലെ ഉച്ചയൂണ് സംവിധാനവും പിന്നീട് മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കി. കേന്ദ്രീകൃത നീക്കം അത്തരം കാര്യങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘ഒരു ഭാഗത്ത് ജനസംഖ്യാ നിയന്ത്രണത്തെ മികച്ച രീതിയിൽ നടപ്പാക്കിയതിൽ കേന്ദ്രസർക്കാർ ഞങ്ങളെ പുകഴ്ത്തുന്നു. മറുഭാഗത്ത് ജനസംഖ്യ കുറവാണെന്നു പറഞ്ഞു നമുക്കുള്ള പണം തരാതിരിക്കുന്നു. 1976ലെ ജനസംഖ്യാ നിയന്ത്രണ നയം രാജ്യത്തു മുഴുവൻ നടപ്പാക്കാൻ വേണ്ടിയുള്ളതായിരുന്നു. എന്നാൽ കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ മാത്രമാണ് അതു ഫലപ്രദമായി നടപ്പാക്കിയത്. ഇടുങ്ങിയ രാഷ്ട്രീയ മനസ്സുമായാണ് ബിജെപി മണ്ഡല പുനർനിർണയ വിഷയത്തിൽ മുന്നോട്ടുപോകുന്നത്. നമ്മുടെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ് ഈ മണ്ഡല പുനർനിർണയം.’’ – പിണറായി വിജയൻ പറഞ്ഞു.
‘‘സെൻസസ് നടപ്പാക്കാത്തതിനാൽ എന്തിനാണ് ഇത്രയും ധൃതിപിടിച്ച് മണ്ഡല പുനർനിർണയം നടപ്പാക്കുന്നത്? കഴിഞ്ഞ സെൻസസിൽ വെറും നാലുശതമാനത്തിന്റെ ജനസംഖ്യാ വർധനയേ കേരളത്തിൽ ഉണ്ടായിട്ടുള്ളൂ. അമിത് ഷാ സംസാരിക്കുന്ന പ്രോ റാറ്റ ബേസിസ് എന്താണ്? ഫെഡറലിസം കേന്ദ്രത്തിന്റെ സമ്മാനമല്ല. അതു സംസ്ഥാനങ്ങളുടെ അവകാശമാണ്’’ – പിണറായി വിജയൻ കൂട്ടിച്ചേർത്തു. ഇങ്ങനെയൊരു യോഗം നടത്തിയതിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.