
ജീവിതച്ചെലവുകൾ വർധിക്കുന്നു; മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശമ്പളം ഇരട്ടിയാക്കി കർണാടക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു∙ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശമ്പളം ഇരട്ടിയായി വർധിപ്പിക്കുന്ന ബിൽ നിയമസഭ പാസാക്കി. ഇതോടെ മുഖ്യമന്ത്രിയുടെ ശമ്പളം 75,000 രൂപയിൽനിന്നു 1.5 ലക്ഷം രൂപയായി. മന്ത്രിമാരുടേത് 60,000 രൂപയിൽനിന്നു 1.25 ലക്ഷം രൂപയായും എംഎൽഎമാരുടെയും എംഎൽസിമാരുടെയും ശമ്പളം 40,000 രൂപയിൽനിന്നു 80,000 രൂപയായും ഉയർത്തിയിട്ടുണ്ട്. പെൻഷനും ആനുപാതികമായി വർധിപ്പിച്ചു.
-
Also Read
നിയമസഭ സ്പീക്കറുടെയും നിയമനിർമാണ കൗൺസിൽ ചെയർമാന്റെയും ശമ്പളം 75,000 രൂപയിൽ നിന്നു 1.25 ലക്ഷം രൂപയായി. പ്രതിപക്ഷ നേതാവിന്റെ ശമ്പളം 80,000 രൂപയായും ഉയർത്തിയിട്ടുണ്ട്. ഇതിനു മുൻപ് 2022ലാണ് സാമാജികരുടെ ശമ്പളം വർധിപ്പിച്ചത്. ജീവിതച്ചെലവുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നു ബില്ലിൽ ചൂണ്ടിക്കാട്ടിയുണ്ട്.
ശമ്പളവർധന നടപ്പാക്കുന്നതോടെ സംസ്ഥാന സർക്കാരിനു പ്രതിവർഷം 62 കോടി രൂപയുടെ അധികബാധ്യതയുണ്ടാകും. രാജ്യത്ത് ഏറ്റവും കൂടുതൽ സമ്പന്നരായ എംഎൽഎമാരുള്ള സംസ്ഥാനം കർണാടകയാണെന്നു സന്നദ്ധസംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് മുൻപ് വ്യക്തമാക്കിയിരുന്നു. 14,179 കോടി രൂപയാണ് 224 എംഎൽഎമാരുടെ ആകെ ആസ്തി. 31 ശതകോടീശ്വരന്മാരും ഇതിൽ ഉൾപ്പെടുന്നുണ്ട്.