
വർക്കല: വർക്കലയിൽ ഗൃഹനാഥനെ വീട് കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം വെള്ളൈക്കടവ് സ്വദേശി ഷാനി, വട്ടിയൂർക്കാവ് സ്വദേശി മനു എന്നിവരെയാണ് വർക്കല പൊലീസ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്. കൊലപാതകം നടത്തിയ മൂവർ സംഘത്തിൽ 16 കാരനും ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് 57 വയസ്സുള്ള സുനിൽദത്തിനെ സഹോദരീ ഭർത്താവുൾപ്പടെയുള്ള മൂവർസംഘം വെട്ടി കൊലപ്പെടുത്തിയത്.
പ്രതികളിൽ ഒരാളെ സംഭവദിവസം തന്നെ വർക്കല പൊലീസ് പിടികൂടി. 16 കാരനടക്കം രണ്ടുപേരെ തൊട്ടടുത്ത ദിവസവുമാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെല്ലാം ക്രമിനൽ പശ്ചാത്തലമുണ്ട്. മനു ഇതിനുമുമ്പും കൊലപാതക കേസിൽ പ്രതിയാണ് . മനുവിന്റെ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ചതിന് സുഹൃത്തിനെ കമ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ 2017 ൽ ശംഖുമുഖം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിന്റെ വിചാരണ നടന്നുവരവേ ജാമ്യത്തിൽ ഇറങ്ങിയാണ് പ്രതി വീണ്ടും കൊലപാതകം നടത്തിയത്. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ രണ്ട് വധശ്രമ കേസുകൾ നിലവിലുണ്ട്. 16 കാരനായ പ്രതി ഇതിനുമുമ്പും ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രതിയുടെ മൊബൈലിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]