
ന്യൂയോര്‍ക്ക്: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സുദിക്ഷ കൊണങ്കിയുടെ മാതാപിതാക്കള്‍ വളരെ വൈകാരികമായ ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. തങ്ങളുടെ മകള്‍ മരിച്ചു എന്ന സത്യം അംഗീകരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കണ്ണീരോടെ മാതാപിതാക്കള്‍ പറയുന്നത്. മകളെ കാണാതായ സമയത്ത് കടലിലെ തിരമാലകള്‍ വളരെ ശക്തമായിരുന്നെന്നും കേസുമായി ബന്ധപ്പെട്ട് ജോഷ്വ റീബെ എന്ന ചെറുപ്പക്കാരനെ സംശയിക്കുന്നില്ല എന്ന് യുഎസിലേയും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേയും അധികാരികള്‍ പറഞ്ഞതായും സുദിക്ഷയുടെ പിതാവ് വീഡിയോയില്‍ പറയുന്നുണ്ട്.
‘ഞങ്ങളുടെ മകള്‍ മുങ്ങിമരിച്ചുവെന്ന വസ്തുതയോട് ഞങ്ങള്‍ പൊരുത്തപ്പെടുന്നു. ഇത് വളരെ ഭാരിച്ച ഹൃദയത്തോടെയാണ് പറയുന്നത്. ഈ സത്യം അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ട്. ഞങ്ങളുടെ മകളെ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം’ എന്ന് സുദിക്ഷയുടെ പിതാവ് പറഞ്ഞു. തൊട്ടടുത്ത് നിന്ന് വിങ്ങിപ്പൊട്ടുന്ന സുദിക്ഷയുടെ അമ്മയേയും വീഡിയോയില്‍ കാണാം.
ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സുദിക്ഷ കൊണങ്കി മരിച്ചതായി പ്രഖ്യാപിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം പൊലീസിന് കത്തയച്ചുവെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ പൗരയും അമേരിക്കയിൽ സ്ഥിര താമസക്കാരിയുമായ 20 കാരിയായ സുദീക്ഷ കൊണങ്കിയെ അവസാനമായി മാർച്ച് 6 ന് അവസാനമായി കണ്ടത് പുണ്ട കാന പട്ടണത്തിലെ റിയു റിപ്പബ്ലിക് റിസോർട്ടിലാണ്. തിരോധാനവുമായി ബന്ധപ്പെട്ട് യുഎസ് ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികൾ അന്വേഷണം തുടരുന്നതിനിടെയാണ് കുടുംബം മരണം സ്ഥിരീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് മകള്‍ മരിച്ചതായി അംഗീകരിക്കുന്നു എന്നാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.
പിറ്റ്സ്ബർഗ് സർവകലാശാലയിലെ വിദ്യാർത്ഥിനിയാണ് സുദിക്ഷ. അഞ്ച് സുഹൃത്തുക്കൾക്കൊപ്പം വിനോദസഞ്ചാരത്തിനാണ് ഇവർ കടപ്പുറത്ത് എത്തിയത്. അവർ സുഹൃത്തുക്കളോടൊപ്പം ബീച്ചിലേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മറ്റുള്ളവർ പിന്നീട് ഹോട്ടലിലേക്ക് മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. മിനസോട്ടയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സീനിയറായ 22 വയസുകാരൻ റഷ്യൻ പൗരനായ ജോഷ്വ റീബിനൊപ്പമാണ് ഇവരെ അവസാനമായി കണ്ടത്. എന്നാല്‍ ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് കാര്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞിരുന്നു.
അഞ്ച് സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു സുദിക്ഷ എത്തിയത്. നേരത്തെ വിപുലമായ തിരച്ചിൽ നടത്തിയിട്ടും, അവളുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഡൊമിനിക്കൻ സിവിൽ ഡിഫൻസ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. കാണാതാകുമ്പോൾ അവർ തവിട്ട് നിറത്തിലുള്ള ബിക്കിനിയാണ് ധരിച്ചിരുന്നത്. 2006 മുതൽ യുഎസിൽ സ്ഥിര താമസക്കാരാണ് സുദിക്ഷയുടെ കുടുംബം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]