
തിരുവനന്തപുരം: ചിദംബരം സംവിധആനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ മലയാള സിനിമയുടെ തന്നെ തലവര മാറ്റി വരച്ച് സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ വരെ ചിത്രം നിറഞ്ഞ സദസിൽ ഓടുന്നു. മഞ്ഞുമ്മൽ ഇഫക്ടിൽ 10 വർഷം മുമ്പ് ഒഴുക്കിൽപ്പെട്ട കൂട്ടുകാരനെ രക്ഷിച്ച പെൺകുട്ടിക്ക് ആദരമൊരുക്കിയിരിക്കുകയാണ് ആറ്റിങ്ങലിൽ നാട്ടുകാർ. ബി.ഡി.എസ് രണ്ടാംവർഷ വിദ്യാർഥി ആറ്റിങ്ങൽ താഴെയിളമ്പ സ്വദേശിനി അക്ഷയക്കാണ് നാട്ടുകാർ ആദരവ് നൽകിയത്.
അപകടത്തിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്ന സിനിമ ഹിറ്റ് ആയതോടെയാണ് പത്തുവർഷം മുമ്പ് നടന്ന രക്ഷാപ്രവർത്തനം നാട്ടുകാർ ഓർത്തത്. ഇതോടെ വിദ്യാർഥിനിക്ക് നാട്ടുകാർ ആദരമൊരുക്കിയത്. അക്ഷയ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം. മഴപെയ്ത് നിറഞ്ഞുകിടക്കുന്ന തോടിനരികിൽക്കൂടി ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുകയായിരുന്നു അക്ഷയ. മറ്റൊരു ട്യൂഷൻ സെന്ററിൽനിന്ന് വരുന്ന, അക്ഷയയേക്കാൾ ഒരു വയസ് കുറവുള്ള ഏതാനും കുട്ടികൾ മുന്നിലുണ്ട്. തോട്ടുവെള്ളത്തിൽ കുടമുട്ടിച്ച് കളിച്ചുനടന്ന ഒരു വിദ്യാർഥി പെട്ടെന്ന് തെന്നി തോട്ടിൽ വീണു. അക്ഷയയുടെ കൂട്ടുകാരനായ അഭിനന്ദ് ആയിരുന്നു അത്.
വെള്ളത്തിൽ വീണ അഭിനന്ദ് മുങ്ങിത്താണ് ഒഴുകിപ്പോയി. എന്നാൽ പിന്നിലായി നടന്നുവന്നിരുന്ന അക്ഷയ അഭിനന്ദ് വെള്ളത്തിൽ വീഴുന്നത് കണ്ടിരുന്നു. പാലത്തിനടുത്തേക്ക് കുട്ടി ഒഴുകിയെത്താറായപ്പോഴേക്കും ഓടി മറുവശത്തെത്തിയ അക്ഷയ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ ബാഗിൽ പിടിച്ച് കരയിലേക്ക് വലിച്ചുകയറ്റി. മറ്റു കുട്ടികൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്നപ്പോൾ അക്ഷയയുടെ മനോധൈര്യം കൊണ്ട് മാത്രമാണ് ഒഴുക്കിൽപ്പെട്ട കുട്ടി രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു.
കൂട്ടുകാരനെ ഗുണാ കേവിൽനിന്ന് രക്ഷിച്ച സുഹൃത്തുക്കളുടെ കഥപറഞ്ഞ മഞ്ഞുമ്മൽ ബോയ്സ് ഹിറ്റായതോടെയാണ് കൂട്ടുകാരനെ രക്ഷിച്ച അക്ഷയയെ നാട്ടുകാർ ഓർത്തത്. തുടർന്ന് പള്ളിയറ ക്ഷേത്രത്തിലെ ഉത്സവസ്ഥലത്ത് വെച്ച് അക്ഷയയെ ആദരിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി അക്ഷയയെ പൊന്നാട അണിയിച്ചു ഉപഹാരവും സമ്മാനിച്ചു.
Last Updated Mar 22, 2024, 12:05 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]