
.news-body p a {width: auto;float: none;}
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഞായറാഴ്ച ഇന്ത്യ – പാകിസ്ഥാന് സൂപ്പര്‍ പോര്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചിരവൈരികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. കണക്കിലും നിലവിലെ ഫോമിലും ഇന്ത്യക്ക് നേരിയ മുന്‍തൂക്കമുണ്ട്. എന്നാല്‍ മറുവശത്ത് പാകിസ്ഥാനാണ്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇത്രയും പ്രവചനാതീതമായ മറ്റൊരു ടീമില്ല. തങ്ങളുടേതായ ദിവസത്തില്‍ ആരേയും തോല്‍പ്പിക്കുകയും എന്നാല്‍ അതേസമയം ആരോടും തോല്ക്കാന് മടിയില്ലാത്ത സംഘവുമാണ് അവര്‍.
ഗ്രൂപ്പ് എ യില്‍ രണ്ട് ടീമുകളുടേയും രണ്ടാമത്തെ മത്സരമാണ് ഞായറാഴ്ച നടക്കുക. തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് എത്തുന്ന ഇന്ത്യ, പാകിസ്ഥാനെ കീഴടക്കി സെമി ഫൈനല്‍ പ്രവേശം ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ മറുവശത്ത് പാകിസ്ഥാന്റെ പോരാട്ടം നിലനില്‍പ്പിന് വേണ്ടിയുള്ളതാണ്. 29 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു ഐസിസി ടൂര്‍ണമെന്റില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തേക്കുള്ള വഴിയാകും ഇന്ത്യയോട് തോറ്റാല്‍ മുഹമ്മദ് റിസ്വാനേയും സംഘത്തേയും കാത്തിരിക്കുന്നത്.
ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് 60 റണ്‍സ് തോല്‍വി വഴങ്ങിയ പാകിസ്ഥാന് ഇന്ത്യയേയും ബംഗ്ലാദേശിനേയും തോല്‍പ്പിച്ചാല്‍ മാത്രമേ സെമി ഫൈനല്‍ പ്രതീക്ഷ ബാക്കിയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ ടീമിന്റെ ഫോമില്ലായ്മ വലിയ പ്രതിസന്ധിയാണ്. ഇതിന് പുറമേയാണ് സ്റ്റാര്‍ ബാറ്റര്‍ ഫഖര്‍ സമാന് പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ഫാസ്റ്റ് ബൗളര്‍മാരായ ഷഹീന് ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ സഖ്യത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ്. എന്നാല്‍ കിവീസിനെതിരെ മൂവര്‍ സംഘത്തിന് തിളങ്ങാന്‍ സാധിച്ചില്ല.
കിവീസിനെതിരെ മെല്ലെപ്പോക്കിന് പഴികേട്ട മുന്‍ നായകനും സൂപ്പര്‍താരവുമായ ബാബര്‍ അസമിനും ഇന്ത്യക്കെതിരായ മത്സരം വ്യക്തിപരമായി നിര്‍ണായകമാണ്. തിളങ്ങാനാകാതെ വരുകയും ടീം തോറ്റ് പുറത്താകുകയും ചെയ്താല്‍ ബാബറിന്റെ കരിയറില്‍ താത്കാലികമായിട്ടെങ്കിലും ഒരു ഇടവേള അനിവാര്യമായി മാറും. അതേസമയം വലിയ ഇന്നിംഗ്സ് കളിക്കാന്‍ സാധിക്കാതെ വലയുന്ന മുന്‍ നായകന് വിരാട് കൊഹ്ലിയുടെ ഫോം ഇന്ത്യക്കും ആശങ്കയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബുംറയുടെ അഭാവത്തില്‍ പകരക്കാരന്റെ കുപ്പായത്തിലെത്തിയ ഹര്‍ഷിത് റാണ് ബംഗ്ലാദേശിനെതിരെ തിളങ്ങിയത് ഇന്ത്യക്ക് ആശ്വാസമാണ്. ദുബായിലെ പിച്ച് വേഗം കുറഞ്ഞതായതിനാല്‍ തന്നെ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണായകമാകും. അഞ്ച് സ്പിന്നര്‍മാരുള്ള ഇന്ത്യക്ക് ഇത് അനുകൂല ഘടകമാണ്. എന്നാല്‍ പോരാട്ടം ഇന്ത്യയും പാകിസ്ഥാനും തമ്മിലാകുമ്പോള്‍ അവിടെ കണക്കുകള്‍ക്കോ ഫോമിനോ യാതൊരു പ്രസക്തിയുമില്ലെന്നതാണ് ചരിത്രം.
2021ല്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ ഇതേ ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ചതിന്റെ ഓര്‍മകള്‍ പാകിസ്ഥാന് ആവേശം പകരുമെന്നുറപ്പ്. ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് തോല്‍വി വഴങ്ങിയത് ഇതേ ഗ്രൗണ്ടില്‍ അന്ന് നടന്ന മത്സരത്തിലായിരുന്നു. അന്നത്തെ തോല്‍വിക്ക് പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയാകും രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീം പോരാട്ടത്തിന് ഇറങ്ങുക.