
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷന്റെ പേരിൽ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് വ്യാജ ഫേസ്ബുക്ക് പേജ് വഴി തട്ടിപ്പ്. ഓൺലൈൻ തട്ടിപ്പ് നടത്തിയവർക്കെതിരെ പൊലീസിൽ പരാതി നൽകിയെന്ന് കേരള ഫിനാൻഷ്യൽ കോർപറേഷൻ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. കേരള സർക്കാരിന്റെ ലോഗോ പ്രൊഫൈൽ പിക്ചർ ആയി ഉപയോഗിച്ചുകൊണ്ട് അപ്ലൈ ടുഡേ ഓൺലൈൻ സർവ്വീസ് എന്ന വ്യാജ ഫേസ്ബുക്ക് പേജ് വഴിയാണ് വായ്പാ വാഗ്ദാനം ചെയ്തുകൊണ്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഈ വീഡിയോയിൽ കേരള ഫിനാൻഷ്യൽ കോർപറേഷന്റെ ലോഗോയും ഉപയോഗിച്ചിരുന്നു. ഒരുലക്ഷം രൂപ മുതൽ അൻപത് ലക്ഷം രൂപ വരെയുള്ള വായ്പകൾ പൂജ്യം ശതമാനം പലിശയ്ക്ക് 30 മിനിട്ടിനുള്ളിൽ അനുവദിക്കും എന്നായിരുന്നു വാഗ്ദാനം. ഫേസ്ബുക്ക് പോസ്റ്റിനൊപ്പമുള്ള നമ്പറിൽ വിളിക്കുകയോ വാട്സാപ്പിൽ മെസേജ് അയയ്ക്കുകയോ ചെയ്യുന്നവരോട് പ്രോസസിങ് ഫീസ് ആയി പണം ആവശ്യപ്പെടുകയും ചെയ്തതായാണ് ലഭിച്ച വിവരം. ഇത്തരം പോസ്റ്റ് പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ പൊലീസിൽ പരാതിപ്പെടുകയായിരുന്നുവെന്ന് കോർപറേഷൻ അറിയിച്ചു.
വ്യവസായങ്ങൾ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനും വായ്പകൾ അനുവദിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനമാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ. കെ എഫ് സി വഴി വ്യക്തിഗത വായ്പകൾ ലഭ്യമാകില്ല. മാത്രമല്ല, കെ എഫ് സിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വായ്പകളുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താറുണ്ട്. എന്നാൽ ഔദ്യോഗിക വെബ്സൈറ്റായ www.kfc.org വഴിയും കെ എഫ് സിയുടെ ബ്രാഞ്ചുകൾ വഴിയും മാത്രമേ വായ്പകൾക്ക് അപ്ലൈ ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും ഇതിനായി ഓൺലൈനിലൂടെ മുൻകൂർ ആയി ഒരുതരത്തിലുള്ള ഫീസുകളും ആവശ്യപ്പെടാറില്ലെന്നും കേരള ഫിനാൻഷ്യൽ കോർപറേഷൻ അറിയിച്ചു.
ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്നും അനധികൃത ഫെയ്സ്ബുക്ക് പേജുകളിലൂടെ വരുന്ന പോസ്റ്റുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും കെ എഫ് സി അഭ്യർത്ഥിക്കുന്നു. കെ എഫ് സി അധികൃതർ നൽകിയ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ഐ ടി ആക്ട് 66 സി പ്രകാരം കേസെടുത്തിട്ടുണ്ട്. വ്യാജ പോസ്റ്റിലുണ്ടായിരുന്ന ഫോൺ നമ്പറിൻ്റെ ലൊക്കേഷൻ പഞ്ചാബിലെ ലുധിയാന ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത പോസ്റ്റിന്റെയും പേജിന്റെയുംവിവരങ്ങൾ കൈമാറുന്നതിനായി പൊലീസ് മെറ്റാ അധികൃതർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുടയിൽ ഷെയർ ട്രേഡിംഗിന്റെ പേരിൽ 150 കോടി തട്ടിപ്പ്; 32 നിക്ഷേപകര് പരാതി നല്കി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]