
വാഷിംഗ്ടൺ: ഇന്ത്യയിലെ വോട്ടിംഗ് പ്രോത്സാഹിപ്പിക്കാൻ യു.എസ് ധനസഹായം നൽകിയിരുന്നുവെന്ന ഡൊണാൾഡ് ട്രംപിന്റെ വാദം തെറ്റെന്ന് വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. തിരഞ്ഞെടുപ്പിലെ ജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനായി യു.എസ്,എ,ഐ,ഡിയിൽ നിന്ന് 2.1 കോടി ഡോളർ (160 കോടി രൂപ) നൽകിയെന്നാണ് യു,എസ് പ്രസിഡന്റ് ട്രംപും ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ‘ഡോജും’ പറഞ്ഞത്. ഈ ആരോപണം തെറ്റാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പപ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. 2.1 കോടി ഡോളർ 2022ൽ അനുവദിച്ചത് ബംഗ്ലാദേശിനായിരുന്നു എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ വാദം ശരി വയ്ക്കുന്നതാണ് വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്.
2008ന് ശേഷം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി ഒരു ഫണ്ടും ഇന്ത്യക്ക് യു.എസ്.എ.ഐ.ഡിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് വാഷിംഗ്ടൺ പോസ്റ്റ് പറയുന്നു. യു.എസ്.എ.ഐ.ഡിയുമായി അടുത്തബന്ധമുള്ള മൂന്നുപേരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. മറ്റ് പദ്ധതികളുടെ തുകയാണ് ഇന്ത്യക്കായി ചെലവഴിച്ചുവെന്ന് ഡോജ് പറയുന്നത് എന്നാണ് ഇവർ വ്യക്തമാക്കിയത്.
ഇന്ത്യയിലെ തിരഞ്ഞെടുപ്പിന് യു,എസ് ഫണ്ട് ലഭിച്ചുവെന്ന ആരോപണം ബി.ജെ.പി കോൺഗ്രസിനെതിരെ ആയുധമാക്കിയിരുന്നു. വോട്ടിംഗ് പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ സന്ന ദ്ധ സംഘടനകൾക്ക് നൽകിയ ഫണ്ട് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ബി.ജെ.പിയുടെ നുണപ്രചാരണം പൊളിഞ്ഞെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യക്ക് നൽകുന്ന ധനസഹായം അനധികൃതമെന്ന് കഴിഞ്ഞ ദിവസവും ഡൊണാൾഡ് ട്രംപ് ആവർത്തിച്ചിരുന്നു. ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണത്തെക്കുറിച്ചു ആശങ്കപ്പെടുന്നത് എന്തിനാണെന്നും യു.എസിലെ വോട്ടിംഗ് വർദ്ധിപ്പിക്കുകയാണ് നാം ചെയ്യേണ്ടതെന്നും ട്രംപ് പറഞ്ഞു. ഫണ്ട് നിറുത്തുന്നതായി അടുത്തിടെയാണ് ട്രംപ് സർക്കാർ പ്രഖ്യാപിച്ചത്. ഫണ്ടിലൂടെ ജോ ബൈഡൻ ഭരണകൂടം ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചെന്നും മറ്റൊരാളെ തിരഞ്ഞെടുക്കാൻ ശ്രമിച്ചെന്ന് താൻ കരുതുന്നതായും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.