
ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ ശക്തരുടെ പോരാട്ടത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ അടിച്ച് കൂട്ടിയത് 351 റണ്‍സ്. ഓപ്പണര്‍ ബെന്‍ ഡക്കറ്റ് നേടിയ തകര്‍പ്പന്‍ സെഞ്ച്വറി 165(143) യുടെ മികവിലാണ് കൂറ്റന്‍ വിജയലക്ഷ്യം ഇംഗ്ലണ്ട് മുന്നോട്ട് വച്ചിരിക്കുന്നത്. 17 ഫോറും മൂന്ന് സിക്സറുകളും നിറഞ്ഞതായിരുന്നു ഇടങ്കയ്യന്‍ ഓപ്പണറുടെ ഇന്നിംഗ്സ്.
ടോസ് നേടിയ ഓസീസ് നായകന് സ്റ്റീവന്‍ സ്മിത്ത് ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് 10(6), വിക്കറ്റ് കീപ്പര്‍ ജേമി സ്മിത്ത് 15(13) എന്നിവരുടെ വിക്കറ്റുകള്‍ ഇംഗ്ലണ്ട് സ്കോര്‍ 43ല്‍ എത്തിയപ്പോഴേക്കും നഷ്ടമായിരുന്നു. മൂന്നാം വിക്കറ്റില്‍ ജോ റൂട്ട് 68(78) – ബെന്‍ ഡക്കറ്റ് സഖ്യം നേടിയ 158 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്കോറിന് അടിത്തറയിട്ടത്. ഹാരി ബ്രൂക് 3(6), ജോസ് ബട്ലര് 23(21) എന്നിവര്‍ പെട്ടെന്ന് പുറത്തായെങ്കിലും ഒരുവശത്ത് ഡക്കറ്റ് നിലയുറപ്പിച്ചിരുന്നു. സ്കോര്‍ 300 കടന്നതിന് ശേഷമാണ് താരം പുറത്തായത്.
ലിയാം ലിവിംഗ്സ്റ്റണ് 14(17), ബ്രൈഡന്‍ കാഴ്സ് 8(7), ജോഫ്രാ ആര്‍ച്ചര്‍ 21*(10) എന്നിവര്‍ ടീം സ്കോര്‍ 350 കടത്തുകയായിരുന്നു. ആദില്‍ റഷീദ് ഒരു റണ്‍ നേടി പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്ക് വേണ്ടി ബെന്‍ ഡ്വാര്‍ഷുയിസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ആദം സാംപയ്ക്കും മാര്‍ണസ് ലബുഷെയ്നും രണ്ട് വിക്കറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്ലിന് ഒരു വിക്കറ്റ് ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]