
കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് പോളി വൽസൻ. നാടകരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ പോളിയുടെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ജീവിതത്തിൽ ഒരുപാട് സ്ഥലത്ത് പ്രതികരിക്കാൻ കഴിയാതെ പോയ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു. അഭിനയം കൊണ്ട് കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാൻ സാധിച്ചെന്നും പോളി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘ചെറിയ പ്രായം മുതൽക്കേ നാടകത്തിൽ അഭിനയിക്കാൻ പോകുമായിരുന്നു. കുഞ്ഞിനെയും കൊണ്ടാണ് അഭിനയിക്കാൻ പോയിരുന്നത്. അവൻ നടക്കാറായില്ലായിരുന്നു. കാരണം വീട്ടിൽ നോക്കാൻ ആരുമില്ലായിരുന്നു. ഭർത്താവിന്റെ അമ്മ കുഞ്ഞുങ്ങളെ നോക്കിയിരുന്നുമില്ല. എനിക്ക് വേറെ വഴിയില്ലായിരുന്നു. റിഹേഴ്സൽ നടക്കുന്ന സമയത്തായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. പരിപാടി ഉളള ഒരു ദിവസം തന്നെ കുഞ്ഞിനെ കൊണ്ടുപോയി. അവിടെയും കുഞ്ഞിനെ നോക്കാൻ ആരുമില്ലായിരുന്നു. സ്റ്റേജിന്റെ താഴ്ഭാഗത്ത് ഒരു തൊട്ടിൽ കെട്ടി അതിലാണ് കുഞ്ഞിനെ കിടത്തിയത്.
ഞാൻ പ്രണയരംഗങ്ങൾ ചെയ്യുമ്പോൾ മകൻ തൊട്ടിലിൽ കിടന്ന് അലറി കരയുകയായിരുന്നു. അവന് അന്ന് പനിയായിരുന്നു. മകൻ കരയുന്നതും കേട്ടാണ് അഭിനയിച്ചത്. നാടകം കഴിഞ്ഞപ്പോഴേ ഞാൻ കുഞ്ഞിനെ എടുത്തു. അന്ന് രാത്രി എല്ലാവരും ഒരു വീട്ടിലാണ് തങ്ങിയത്. എന്റെ പ്രയാസം കണ്ടിട്ട് ആ വീട്ടിലുളളവർ എനിക്ക് ഒരു തൊട്ടിൽ കെട്ടി തന്നു. പിറ്റേദിവസം ഞാൻ കുഞ്ഞുമായി വീട്ടിലേക്ക് പോകാൻ ബസ് കയറാൽ നിൽക്കുകയായിരുന്നു. നാടകം കണ്ട എല്ലാവരും എന്നെ അഭിനന്ദിച്ചു. എന്നിട്ടും കുഞ്ഞ് കരച്ചിൽ നിർത്തിയില്ല. ആ സമയത്ത് കടയിൽ കുറച്ചാളുകൾ ഇരിക്കുന്നുണ്ടായിരുന്നു. നാടകത്തിന് നടന്ന് കുറേ സമ്പാദിച്ചിട്ടുണ്ടെന്ന് ഒരാൾ മോശം അർത്ഥത്തിൽ പറഞ്ഞു. എനിക്ക് പ്രതികരിക്കാൻ സാധിച്ചില്ല. നാടകം കൊണ്ട് തന്നെയാണ് ജീവിച്ചത്. കുടുംബത്തെ സംരക്ഷിക്കാനും നാടകം സഹായിച്ചു. മകൻ ജനിച്ചപ്പോൾ ഒരുപാട് സന്തോഷിച്ചു. വീട്ടിൽ വച്ചാണ് പ്രസവിച്ചത്. അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്’- പോളി വൽസൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]