
വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്കറിന്റെ മരണം ഇതുവരെയായിട്ടും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സംഗീത സംവിധായകനും ഗായകനുമായ ജോബ് കുര്യൻ. സംഗീതം ഇഷ്ടപ്പെടുന്ന എല്ലാവരും ബാലഭാസ്കറിനെയും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്ന് ജോബ് കുര്യൻ പറഞ്ഞു. ജീവിതത്തിൽ എല്ലാ കാര്യങ്ങളിൽ ഊർജം പകർന്നു തന്ന വ്യക്തിയാണ് അന്തരിച്ച നടൻ നെടുമുടി വേണുവെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജോബ് കുര്യൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ഒരു റിയാലിറ്റി ഷോയുടെ ഭാഗമായാണ് ഞാൻ ആദ്യമായി ബാലുച്ചേട്ടനെ കണ്ടുമുട്ടിയത്. എല്ലാ ദിവസവും കാണുമായിരുന്നു. ഞങ്ങൾ തമ്മിലുളള സൗഹൃദം വലുതായിരുന്നു. റിയാലിറ്റി ഷോയുടെ ഓരോ എപ്പിസോഡും മനോഹരമാക്കാൻ അദ്ദേഹവും മറ്റുളള ജഡ്ജസുമാരും ശ്രമിച്ചിരുന്നു. ആ പരിപാടിക്ക് ശേഷം അദ്ദേഹവുമായി ഒരുമിച്ച് ഒരുപാട് സ്റ്റേജ് പരിപാടികൾ ചെയ്തിരുന്നു. ബാലുച്ചേട്ടന്റെ മരണവാർത്ത കേട്ട് ഞാൻ ഞെട്ടിപ്പോയി. അദ്ദേഹമില്ലെന്ന് എനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. ബാലുച്ചേട്ടനിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. പാട്ടിനെ ഇഷ്ടപ്പെടുന്ന എല്ലാ യുവാക്കളുടെ ഒരു കാലത്ത് അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹമുണ്ടായിരുന്ന എല്ലാ സ്റ്റേജ് ഷോകളും വിജയമായിരുന്നു. ആളുകളെ പിടിച്ചിരുത്താൻ കഴിയുന്ന എന്തോ ഒരു മാന്ത്രികത അദ്ദേഹത്തിന് അറിയാമായിരുന്നു.
അതുപോലെ എനിക്ക് എല്ലാവിധ പിന്തുണയും നൽകിയ ഒരു വ്യക്തിയായിരുന്നു നെടുമുടി വേണു. അദ്ദേഹത്തിന്റെ മകനും ഞാനും നല്ല സുഹൃത്തുക്കളാണ്.ഞങ്ങളുടെ വീടും അടുത്താണ്. എൽകെജി മുതൽ പ്ലസ് ടു വരെ ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്. ഒരു കലാകാരൻ എങ്ങനെയായിരിക്കണമെന്ന് ഞാൻ പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്’- ജോബ് കുര്യൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]