
കൊല്ലം: കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എഴുകോൺ പൊലീസ് എത്തി പോസ്റ്റ് നീക്കി. സംഭവത്തിൽ പൊലീസും പുനലൂർ റെയിൽവേ അധികൃതരും അന്വേഷണം നടത്തിവരികയാണ്.
ദീർഘകാലമായി റോഡിന് സമീപം വച്ചിരുന്ന പഴയൊരു പോസ്റ്റ് ഇവിടെ കൊണ്ടിടുകയായിരുന്നു. യാത്രക്കാരനാണ് പോസ്റ്റ് കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി പോസ്റ്റ് മാറ്റിയിട്ടു. പൊലീസ് മടങ്ങിയതിന് ശേഷം വീണ്ടും ആരോ റെയിൽവേ പാളത്തിന് കുറുകെ പോസ്റ്റ് വച്ചു. കൃത്യസമയത്ത് കണ്ടെത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
സംഭവത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്നാണ് സൂചന. കാരണം ഒറ്റയ്ക്ക് ഒരാൾക്ക് കൂറ്റൻ ടെലഫോൺ പോസ്റ്റ് ഇവിടെ കൊണ്ടിടാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. അട്ടിമറി സാദ്ധ്യതയടക്കം പരിശോധിച്ചുവരികയാണ്. സമീപത്ത് സിസിടിവി ഉണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
‘ഒരാളോ രണ്ടാളോ മൂന്നാളോ വിചാരിച്ചാൽ പോസ്റ്റ് ഇവിടെ നീക്കിക്കൊണ്ടുവരാൻ പറ്റില്ല. വർഷങ്ങളായി റോഡിനടുത്ത് ചാരിവച്ചിരിക്കുന്ന പോസ്റ്റാണിത്. നാലു പേരെങ്കിലും എന്തായാലും കാണും. ഇത് മനപൂർവം ആരോ ചെയ്തതാണ്. ആദ്യം വച്ചശേഷം പൊലീസ് ഇത് മാറ്റി. പൊലീസ് പോയതിന് ശേഷം രണ്ടാമത് വീണ്ടും വച്ചു. തുടർന്ന് പൊലീസ് വീണ്ടുമെത്തി മാറ്റുകയായിരുന്നു. ദൂരെനിന്ന് വന്നവരാണ്.’- നാട്ടുകാരൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]