
ബംഗളൂരു: അവധി ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പമെത്തി നദിയിൽ കാണാതായ യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. കർണാടകയിലെ കോപ്പൽ ജില്ലയിലുള്ള തുംഗഭദ്ര നദിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അനന്യ മോഹൻ റാവുവിന്റെ (26) മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
സുഹൃത്തുക്കൾക്കൊപ്പം ഹമ്പിയും സമീപമുള്ള മറ്റ് സ്ഥലങ്ങളും കാണാനെത്തിയതായിരുന്നു അനന്യ. കോപ്പൽ ജില്ലയിലെ സനാപൂർ ഗ്രാമത്തിലുള്ള ഒരു ഹോം സ്റ്റേയിലാണ് ഇവർ താമസിച്ചിരുന്നത്. ചൊവ്വാഴ്ചയാണ് തുംഗഭദ്ര നദി കാണാനെത്തിയത്. സുഹൃത്തുക്കൾ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വലിയ ഉയരമുള്ള പാറക്കെട്ടിൽ നിന്ന് അനന്യ നദിയിലേയ്ക്ക് ചാടുകയായിരുന്നു.
മുങ്ങിപ്പോയ യുവതി ശക്തമായ ഒഴുക്കിൽപ്പെടുകയും ചെയ്തു. പിന്നാലെ സുഹൃത്തുക്കൾ അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. രണ്ടുദിവസത്തിന് ശേഷമാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്രോൺ ക്യാമറകളുടെയും പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെയാണ് തെരച്ചിൽ നടത്തിയത്. ഇതിന്റെ ഭാഗമായി തുംഗഭദ്ര ഡാമിലെ വെള്ളത്തിന്റെ ഒഴുക്കും കുറച്ചിരുന്നു. ജെഎസ്ഡബ്ള്യുവിൽ നിന്നുള്ള മുങ്ങൽ വിദഗ്ദ്ധരാണ് മൃതശരീരം കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതിനിടെ സുഹൃത്തുക്കൾ കൗണ്ട് ഡൗൺ ചെയ്യുന്നതിനിടെ ഡോക്ടർ നദിയിലേയ്ക്ക് ചാടുന്നതും പിന്നീട് മുകളിലേക്കെത്തി നീന്താൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തെലങ്കാനയിൽ നിന്നുള്ള മുൻ കോൺഗ്രസ് എംഎൽഎയുടെ അടുത്ത ബന്ധുവാണ് മരണപ്പെട്ട ഡോക്ടർ. സംഭവത്തിനുശേഷം ക്ളിഫ് ജംപിംഗ് നിർത്തിവച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.