
തിരുവനന്തപുരം: ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്ന് മുതിർന്ന സിപിഐ നേതാവ് സി.ദിവാകരൻ. സമരം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞു. എത്രയും വേഗം ഒത്തുതീർപ്പാക്കണം. മുഖ്യമന്ത്രി ഇടപെട്ടാൽ 5 മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരുമെന്നും സി.ദിവാകരൻ ചൂണ്ടിക്കാട്ടി.
കേരളത്തിൽ പി.എസ് സി ആവശ്യമുണ്ടോയെന്ന് പഠനം നടത്തണം. പ്രധാനമന്ത്രിയെക്കാൾ ഉയർന്ന ശമ്പളമാണ് പിഎസ് സി അംഗങ്ങൾക്കുള്ളത്. ആശ വർക്കർമാരുടെ സമരത്തെ എതിർക്കുന്ന ചിലർ പി എസ്സി ശമ്പള വർധയെ ന്യയീകരിക്കുകയാണെന്നും ദിവാകരൻ വിമർശിച്ചു. വിവാദവിഷയങ്ങളായ എലപ്പുള്ളിയിലെ മദ്യ നിർമ്മാണ ശാലയെ കുറിച്ചും കിഫ് ബി റോഡ് ടോളിനെ കുറിച്ചും പരസ്യമായി പറഞ്ഞ് എൽഡിഎഫിനെ ദുർബലപ്പെടുത്തില്ല. സി പി ഐയുടെ അഭിപ്രായം മുന്നണിയിലും ജനങ്ങളോടും പറഞ്ഞിട്ടുണ്ടെന്നും സി ദിവാകരൻ വ്യക്തമാക്കി.
അതേ സമയം, ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരിച്ചുള്ള പ്രവർത്തനം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ദേശിയ തലത്തിൽ ആശ പ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് നിർദേശം. ആശ പ്രവർത്തകരുടെ ജോലി സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ വ്യക്തമായ നയവും നടപടികളും സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.
വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം ശക്തമാക്കുകയാണ് ആശാ വർക്കർമാർ. കഴിഞ്ഞ ദിവസം ഇവരുടെ രണ്ട് മാസത്തെ വേതന കുടിശ്ശിക സർക്കാർ അനുവദിച്ചിരുന്നു. പക്ഷേ സമരം പിൻവലിക്കാൻ ഇവർ തയ്യാറായില്ല. കുടിശ്ശിക വേതനം നൽകുക എന്നുള്ളത് തങ്ങളുടെ ആവശ്യങ്ങളിൽ ഒന്നുമാത്രമാണന്നും മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിച്ചാൽ മാത്രമേ സമരം പിൻവലിക്കുകയുള്ളുവെന്നുമാണ് ആശാ വർക്കർമാരുടെ നിലപാട്. വേതനം നിലവിലുള്ള 7000 രൂപയിൽ നിന്ന് 21,000 രൂപയാക്കുക, പെൻഷൻ അനുവദിക്കുക, വിരമിക്കുമ്പോൾ അഞ്ചു ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]