
വാഷിങ്ടൺ: അമേരിക്കയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ – എഫ്ബിഐ-യുടെ പുതിയ ഡയറക്ടറായി ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ ചുമതലയേറ്റു. ഭഗവത് ഗീതയിൽ കൈവച്ചാണ് കാഷ് പട്ടേൽ സത്യ പ്രതിജ്ഞ ചെയ്തത്. വാഷിങ്ടണിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. സഹോദരി, ജീവിത പങ്കാളി എന്നിവർക്കൊപ്പമാണ് കാഷ് പട്ടേൽ ചടങ്ങിനെത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ഇതെന്ന് അദ്ദേഹം പ്രതികരിച്ചു. തനിക്ക് ലഭിച്ച അവസരത്തിന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനോട് കാഷ് പട്ടേൽ നന്ദി പറഞ്ഞു.
സാധാരണ ജീവിത സാഹചര്യങ്ങളിൽ വളർന്ന ഇന്ത്യൻ യുവാവിന് ഇത്രയും ഉയർന്ന പദവിയിലെത്താനായത് അമേരിക്ക നൽകുന്ന അവസരങ്ങളുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. 38000 ജീവനക്കാരുള്ള 11 ബില്യൺ ഡോളറാണ് വാർഷിക ചെലവുള്ള ലോകമാകെ പ്രശസ്തമായ അന്വേഷണ ഏജൻസിയെയാണ് ഇനി കാഷ് പട്ടേൽ നയിക്കുക. കാഷ് പട്ടേൽ എന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാർത്ഥ പേര് കശ്യപ് പട്ടേൽ എന്നാണ്. കാനഡ വഴി അമേരിക്കയിലേക്ക് കുടിയേറിയ ഗുജറാത്തി വേരുകളുള്ള കുടുംബമാണ് ഇദ്ദേഹത്തിൻ്റേത്. 1980 ഫെബ്രുവരി 25 ന് ന്യൂയോര്ക്കിലെ ഗാർഡൻ സിറ്റിയിൽ ജനിച്ച കാഷ്, റിച്ച്മണ്ട് സർവകലാശാലയിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കി. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിൽ നിന്ന് അന്താരാഷ്ട്ര നിമയത്തിൽ ബിരുദാന്തര ബിരുദവും കരസ്ഥമാക്കി.
ട്രംപിൻ്റെ ഏറ്റവും വിശ്വസ്തരിൽ വിശ്വസ്തനായാണ് കാഷ് പട്ടേൽ അറിയപ്പെടുന്നത്. മികച്ച അഭിഭാഷകനും അന്വേഷകനും അമേരിക്കയുടെ ആദ്യ പോരാളിയുമാണെന്നും അഴിമതി തുറന്നുകാട്ടാനും നീതിയെ സംരക്ഷിക്കാനും അമേരിക്കൻ ജനതയെ സംരക്ഷിക്കാനുമാണ് അദ്ദേഹം ഔദ്യോഗിക ജീവിതം മാറ്റിവച്ചതെന്നുമാണ് ട്രംപ് തന്നെ കാഷിനെ കുറിച്ച് മുൻപ് നടത്തിയ പ്രശംസ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]