
ദില്ലി: സെക്യൂരിറ്റി ജോലിയെന്ന വ്യാജ വാഗ്ദാനം വിശ്വസിച്ച് റഷ്യയിലെത്തിയ 12 ഇന്ത്യൻ യുവാക്കൾ യുദ്ധമേഖലയിൽ കുടുങ്ങിയതായി റിപ്പോര്‍ട്ട്. സൈന്യത്തിൽ ചേർന്ന് യുക്രൈനെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ തങ്ങൾക്ക് മേലെ സമ്മർദമുണ്ടെന്നും എങ്ങനെയെങ്കിലും തങ്ങളെ രക്ഷിക്കണം എന്നുമാവശ്യപ്പെട്ട് യുവാക്കൾ വീഡിയോ സന്ദേശം പുറത്തുവിട്ടു. യുവാക്കളുടെ കുടുംബവും ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയും യുവാക്കളെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനെ സമീപിച്ചു.
തെലങ്കാനയിൽ നിന്ന് രണ്ട് പേരും കർണാടകയിൽ നിന്ന് മൂന്ന് പേരും ഗുജറാത്തിൽ നിന്നും യുപിയിൽ നിന്നും ഒരാളും കശ്മീരിൽ നിന്ന് രണ്ട് പേരുമാണ് റഷ്യയിലെ മരിയുപോൾ, ഹാർകീവ്, ഡോണെട്സ്ക് എന്നിവിടങ്ങളിലായി കുടുങ്ങിയത്. വാഗ്നർ ഗ്രൂപ്പിന്റെ സ്വകാര്യ സൈന്യത്തിൽ അംഗങ്ങളാകാനാണ് ഇവര്‍ക്ക് മേൽ സമ്മർദം ചെലുത്തുന്നത്. സെക്യൂരിറ്റി ജോലി ലഭിക്കുമെന്ന ഫൈസൽ ഖാൻ എന്ന യൂട്യൂബ് വ്ളോഗറുടെ വീഡിയോ കണ്ടാണ് ഇവർ ജോലിക്ക് അപേക്ഷിച്ചത്.
എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നും യുദ്ധത്തിന് പോകാനോ സൈന്യത്തിൽ ചേരാനോ വന്നവരല്ല തങ്ങളെന്നും യുവാക്കൾ വീഡിയോ സന്ദേശത്തിൽ പറയുന്നു. ഫൈസൽ ഖാൻ ജോലി തട്ടിപ്പിൽ ഇടനിലക്കാരനാണെന്നും ദുബായിൽ ആണുള്ളതെന്നും മുംബൈയിൽ ഇയാൾക്ക് രണ്ട് ഏജന്റുമാർ ഉണ്ടെന്നും യുവാക്കൾ ആരോപിച്ചു. യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയതായും വിവരമുണ്ട്.
Last Updated Feb 22, 2024, 10:06 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]