
മൂന്നാർ: കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശു ചത്തതോടെ ഭീതിയിലായിരിക്കുകയാണ് ഇടുക്കി ഗ്രാമ്പിയിലെ ആളുകൾ. ഏശയ്യയുടെ പശുവിനെയാണ് കടുവ കൊന്നു തിന്നത്. സമീപത്തുള്ള അരണക്കൽ എസ്റ്റേറ്റിലും കടുവ പശുവിനെ ആക്രമിച്ചിരുന്നു. ചൊവാഴ്ച്ച രാവിലെ മേയാനഴിച്ചു വിട്ട പശു രാത്രിയായിട്ടും തിരികെയത്തിയില്ല. തുടർന്ന് ഏശയ്യ കുടുംബത്തോടൊപ്പം നടത്തിയ തെരച്ചിലിലാണ് ലയത്തിൽ നിന്നും നൂറ് മീറ്റർ മാത്രം അകലെ കാടിന് സമീപത്ത് പശുവിൻറെ ജഡം കണ്ടെത്തിയത്.
മൗണ്ട് സെക്ഷനിലെ വനം വകുപ്പ് ജീവനക്കാരെത്തി നടത്തിയ പരിശോധനയിൽ സമീപത്ത് കടുവയുടെ കാൽപാടുകളും കണ്ടെത്തി. വണ്ടിപ്പെരിയാറിൽ നിന്നും വെറ്റിനറി സർജനെത്തി നടത്തിയ പരിശോധനയിൽ പശുവിനെ കൊന്നത് കടുവയാണെന്ന് സ്ഥിരീകരിച്ചു. ഭയപ്പാടിലായ ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കാനുള്ള അനുമതിക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് പഞ്ചായത്തംഗം ദേവി ഈശ്വരൻ പറഞ്ഞു.
കഴിഞ്ഞ ആറ് മാസത്തിനിടെ ഗ്രാമ്പി, പരുംന്തുംപാറ, അരണക്കൽ ഹില്ലാഷ് എന്നിവിടങ്ങളിലായി പത്തിലധികം വളർത്തു മൃഗങ്ങളാണ് വന്യമൃഗ ആക്രമണത്തിൽ ചത്തത്. ചൊവ്വാഴ്ച്ച അരണക്കൽ എസ്റ്റേറ്റിലെ ഹില്ലാഷ് ഡിവിഷനിൽ അയ്യപ്പൻ എന്നയാളുടെ പശുവിനും വന്യ ജീവിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇതോടെ അയ്യപ്പൻറെ നാല് പശുക്കളാണ് ആക്രമണത്തിനിരയായത്. നാട്ടുകാർ പ്രതിഷേധിച്ചതോടെ ഹില്ലാഷ് ഭാഗത്ത് വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. പ്രദേശത്ത് മുഴുവൻ സമയ പട്രോളിംഗ് നടത്തുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.
Last Updated Feb 22, 2024, 12:15 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]