
കോഴിക്കോട്: കൈയ്യില്‍ തിര നിറച്ച തോക്കുകളും മൂന്ന് വേട്ടനായ്ക്കളുമായി രാവിലെ തന്നെ വേട്ടക്കിറങ്ങിയ ആ സംഘത്തിന് ഉന്നം പിഴച്ചില്ല. വൈകീട്ട് ദൗത്യം അവസാനിപ്പിച്ച് മടങ്ങുമ്പോഴേക്കും എട്ട് കാട്ടുപന്നികളെയാണ് സംഘം യമപുരിക്കയച്ചത്. നാദാപുരം പഞ്ചായത്തിലെ 22-ex വാര്‍ഡില്‍പ്പെട്ട മൊദാക്കരയിലാണ് കഴിഞ്ഞ ദിവസം പന്നിവേട്ട നടത്തിയത്. പഞ്ചായത്തില്‍ കാട്ടുപന്നിശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ഒന്നായിരുന്നു മൊദാക്കര. ഇവിടെ മസ്ജിദിന് സമീപത്തായുള്ള വനത്തിനുള്ളില്‍ നിന്നാണ് സംഘം കൂട്ടമായി റോഡിലേക്കും മറ്റ് ജനവാസ പ്രദേശങ്ങളിലേക്കും ഇറങ്ങിയിരുന്നത്.
റോഡ് അപകടങ്ങളായും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതുമായുള്ള നിരവധി സംഭങ്ങളാണ് വാര്‍ഡിലും പരിസര പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ജനജീവിതം ദുസ്സഹമായി മാറിയതിനാല്‍ വാര്‍ഡ് മെമ്പര്‍ ജനീദ ഫിര്‍ദൗസിന്റെ നേതൃത്വത്തില്‍ ഗ്രാമസഭ ചേര്‍ന്ന് പ്രത്യേക കമ്മിറ്റി തന്നെ രൂപീകരിച്ചു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ അധികാരം ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. അങ്ങിനെയാണ് കേരള ഇന്‍ഡിപെന്‍ഡന്‍ഡ് ഫാര്‍മേഴ്സ് അസോസിയേഷന്(കിഫ)യുടെ കീഴിലുള്ള ഷൂട്ടേഴ്സ് ക്ലബിലെ 25 അംഗങ്ങള്‍ മൊദാക്കരയില് എത്തിച്ചേര്‍ന്നത്.
ക്ലബ് ലീഡര്‍ ജോര്‍ജ്ജ് ജോസഫിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം രാവിലെ എട്ടോടെ തന്നെ ദൗത്യം ആരംഭിച്ചു. പിന്തുണയേകാന്‍ നാട്ടുകാരും ഒപ്പം കൂടിയിരുന്നു. ഷൂട്ടര്‍മാര്‍ കൊണ്ടുവന്ന മൂന്ന് വേട്ട നായ്ക്കള്‍ വനത്തിനുള്ളിലേക്ക് പ്രവേശിച്ച് കാട്ടുപന്നികളെ തുരത്തി പുറത്തേക്ക് ഓടിച്ചു. വനത്തിന് പുറത്ത് കാത്തുനിന്ന സംഘം പുറത്തേക്ക് വന്ന കാട്ടുപന്നികളെ ഒന്നൊന്നായി വെടിവെച്ചു വീഴ്ത്തി. ദൗത്യത്തിനിടയില്‍ ഒരു വേട്ട നായക്ക് കണ്ണിന് പരിക്കേറ്റിട്ടുണ്ട്. മൂന്ന് കാട്ടുപന്നികള്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒന്നിനെ സമീപത്തെ റോഡിന് കുറുകേ ഓടുന്നതിനിടെ ഇതുവഴി വന്ന കാര്‍ ഇടിച്ചിരുന്നു. എന്നാല്‍ പന്നിയെ കണ്ടുകിട്ടിയിട്ടില്ല. ഏതാനും പന്നികള്‍ രക്ഷപ്പെട്ടെങ്കിലും തങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്ക്കെ തെല്ലൊരാശ്വാസം ലഭിക്കുമെന്ന വിശ്വാസത്തിലാണ് മൊദാക്കരയിലെ നാട്ടുകാര്‍. പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദാലി കാട്ടുപന്നികള്‍ക്കെതിരായ ദൗത്യത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
Last Updated Feb 21, 2024, 9:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]