
മലയാള സിനിമയ്ക്ക് 2024 നല്ലൊരു തുടക്കമാണ് ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്തതിൽ ഭൂരിഭാഗം സിനിമകളും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു. ചിലത് പരാജയപ്പെട്ടെങ്കിലും അവ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരു പോലെ നേടിയിരുന്നു എന്നത് യാഥാർത്ഥ്യമാണ്. പുതുവർഷം പിറന്ന് രണ്ട് മാസം കഴിയും മുൻപെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രവും മലയാളത്തിന് സ്വന്തമായി കഴിഞ്ഞു. പ്രേമലു ആണ് ആ ഖ്യാതി നേടിയ ആദ്യ ചിത്രം. വൈകാതെ തന്നെ മമ്മൂട്ടി ചിത്രം ഭ്രമയുഗവും 50 കോടി ക്ലബ്ബിൽ എത്തും. ഈ അവസരത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബ് തൊട്ട മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്.
പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ അവരുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മോളിവുഡിന്റെ 50 കോടി ക്ലബ്ബ് സിനിമകളെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും വേഗത്തിൽ 50 കോടി തൊട്ട ചിത്രം പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫർ ആണ്. മോഹൻലാൽ നായകനായി എത്തിയ ചിത്രം വെറും നാല് ദിവസം കൊണ്ടാണ് ഈ ഖ്യാതി സ്വന്തമാക്കിയത്. നിലവിൽ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അണിയറയിൽ ഒരുങ്ങുകയാണ്.
രണ്ടാമത് ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പാണ്. അഞ്ച് ദിവസം കൊണ്ടാണ് ചിത്രം അൻപത് കോടിയിലെത്തിയത്. മൂന്നാമത് മമ്മൂട്ടി ചിത്രം ഭീഷ്മപർവം. ആറ് ദിവസമാണ് അൻപത് കോടിയിലെത്താൻ ചിത്രത്തിന് വേണ്ടി വന്നത്. നാലാം സ്ഥാനത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 ആണ്. ഒരാഴ്ച കൊണ്ടാണ് ഈ നേട്ടം. അഞ്ചാം സ്ഥാനത്ത് മോഹൻലാൽ ചിത്രം നേര് ആണ്. എട്ട് ദിവസം കൊണ്ടാണ് ചിത്രം 50 കോടിയിലെത്തിയത്. എട്ട് ദിവസത്തിൽ തന്നെയാണ് കണ്ണൂർ സ്ക്വാഡും ഈ നേട്ടം സ്വന്തമാക്കിയത്.
ആർഡിഎക്സ്- ഒൻപത്, കായംകുളം കൊച്ചുണ്ണി- പതിനൊന്ന് ദിവസം, പ്രേമലു- പതിമൂന്ന് ദിവസം(നസ്ലിന് ചിത്രം), പുലിമുരുകൻ- പതിനാല് ദിവസം എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. വൈകാതെ തന്നെ മമ്മൂട്ടി ചിത്രം ഭ്രമയുഗം ഈ ലിസ്റ്റിൽ ഉൾപ്പെടുമെന്നാണ് വിലയിരുത്തൽ. അതേസമയം, അന്പത് കോടി ക്ലബ്ബില് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനാണ് നസ്ലിന്.
Last Updated Feb 21, 2024, 9:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]