
തിരുവനന്തപുരം: തിരുവനന്തപുരം കാരക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില് ഭർത്താവ് നയാസിനെതിരെ നരഹത്യക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കും. ഭർത്താവ് ചികിത്സ നിഷേധിച്ചത് കൊണ്ടാണ് അമ്മയും കുഞ്ഞും മരിച്ചതെന്നാണ് ബന്ധുക്കളും ആരോഗ്യപ്രവർത്തകരും ആരോപിക്കുന്നത്. പ്രസവം സങ്കീർണ്ണമാകുമെന്ന് ആരോഗ്യപ്രവർത്തർ മുന്നറിയിപ്പ് നൽകിയിട്ടും, ഷെമീറയെ ഭർത്താവ് നയാസ് ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നാണ് ഉയരുന്ന പരാതി.
വീട്ടിൽ പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ അതിദാരുണമായായിരുന്നു ഷെമീറയുടെ കുഞ്ഞിൻ്റെയും മരണം. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് വീട്ടിലെ പ്രസവം. നയാസിന്റെ ആദ്യ ഭാര്യയും മകളുമാണ് പ്രസവമെടുത്തത്. അക്യൂപങ്ചർ രീതിയിലുടെ പ്രസവമെടുക്കാനായിരുന്നു ശ്രമം. കുഞ്ഞ് പകുതി പുറത്തെത്തിയപ്പോഴേക്കും ഷെമീറയുടെ സ്ഥിതി അതീവ ഗുരുതരമായി. വൈകാതെ മരിച്ചു. ഇതിന് ശേഷമാണ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
എട്ട് മാസം മുമ്പാണ് ഗർഭിണിയായ ഷെമീറയും കുട്ടികളും കാരയ്ക്കാമണ്ഡപത്തെ വാടക വീട്ടിലെത്തിയത്. ഭർത്താവ് നയാസ് വല്ലപ്പോഴും വന്ന് പോകും. ഷെമീറ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ നിരന്തരം ആശാവർക്കർമാരെത്തി ചികിത്സ ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ ചികിത്സ നൽകാനോ നയാസ് തയ്യാറിയില്ല. ഷെമീറയുടെ നാലാമത്തെ പ്രസവമാണിത്. ആദ്യത്തെ മൂന്നും സിസേറിയനായിരുന്നു. അതിസങ്കീർണമായ സാഹചര്യമെന്ന് ആരോഗ്യപ്രവർത്തകർ നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ വച്ചായിരുന്നു നയാസിന്റെ വെല്ലുവിളി.
ആരോഗ്യപ്രവർത്തകർ നൽകിയ വിവരം അനുസരിച്ച് പൊലീസ് ഒരു മാസം മുമ്പ് സ്ഥലത്തെത്തി ഷെമീറയോട് ചികിത്സ തേടാൻ ആവശ്യപ്പെട്ടിരുന്നു. അപ്പോഴും ഇവർ വഴങ്ങിയില്ല. പിന്നീട് പൊലീസും ഇടപെട്ടില്ല. നയാസിനെതിരെ നരഹത്യവകുപ്പ് ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. അക്യുപങ്ചർ ചികിത്സ നൽകിയതിനെ കുറിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്. ചികിത്സ നിഷേധം വ്യക്തമായിട്ടും പൊലീസ് നേരത്തെ ഇടപെടാതിരുന്നത് വലിയ വീഴ്ചയാണ്.
Last Updated Feb 21, 2024, 9:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]