
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായകമായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യ മാറിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറാൻ ഇന്ന് രാവിലെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേസിൽ ഏറെ നിർണായകമാണ് ജില്ലാ സെഷൻസ് ജഡ്ജി നടത്തിയ ഈ അന്വേഷണം. 3 തവണ മെമ്മറി കാർഡിൽ നടത്തിയ പരിശോധനയിലാണ് അതിജീവിത സംശയമുന്നയിച്ചത്. ദിലീപിന്റെ ഭാഗത്ത് നിന്നുള്ള എതിർപ്പ് തള്ളിക്കൊണ്ടാണ് അതിജീവിതക്ക് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ കോടതി ഉത്തരവിട്ടത്.
2018 ജനുവരി ഒന്‍പത് രാത്രി 9.58, 2018 ഡിസംബര്‍ 13 ന് രാത്രി 10.58 എന്നീ സമയങ്ങളിൽ നടത്തിയ പരിശോധന അനധികൃതമാണെന്നതാണ് അതിജീവിതയുടെ ഹർജിയിൽ ചൂണ്ടികാട്ടിയിരുന്നത്. 2021 ജൂലായ് 19 ന് പകല്‍ 12.19 മുതല്‍ 12.54 വരെ നടത്തിയ പരിശോധന സംബന്ധിച്ചും സംശയമുന്നയിച്ചിരുന്നു. ഈ മൂന്ന് സമയത്തെയടക്കം കാര്യങ്ങൾ വിശദമായ പരിശോധിച്ചുള്ള അന്വേഷണമാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡജ് ഹണി എം വർഗീസ് നടത്തിയത്. ഈ അന്വേഷണത്തിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന് കണ്ടെത്തിയാൽ ക്രമിനൽ നടപടി ചട്ടപ്രകാരം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. റിപ്പോർട്ടിൽ തുടർ നടപടിയില്ലെങ്കിൽ വീണ്ടും അതിജീവിതക്ക് നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാം. അതുകൊണ്ടുതന്നെ അന്വേഷണ റിപ്പോർട്ട് അതിജീവിതയുടെ കയ്യിൽ കിട്ടുന്നത് ഏറെ നിർണായകമാണ്.
കോടതി കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്നതാണ് പരാതി. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി തള്ളിയതിന് പിറകെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് ആരെന്ന് അറിയാനുള്ള തന്റെ അവകാശം ലംഘിക്കുകയാണെന്നായിരുന്നു ഉപ ഹർജിയിലെ വാദം. എന്നാൽ റിപ്പോർട്ട് രഹസ്യ രേഖയാക്കണമെന്നും പകർപ്പ് നടിയ്ക്ക് കൈമാറരുതെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഈ ആവശ്യം തള്ളിയ ജസ്റ്റിസ് കെ ബാബുവാണ് അതിജീവിതക്ക് പകർപ്പ് നൽകാൻ ഉത്തരവിട്ടത്.
Last Updated Feb 21, 2024, 8:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]