
കോഴിക്കോട് – ലോകസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലുമൊരു സീറ്റ് എങ്ങനെയെങ്കിലും ഒപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെങ്കിലും ദയനീയ പരാജയമാണ് അവരെ കാത്തിരിക്കുന്നതെന്ന് ആർ.എം.പി.ഐ നേതാവ് കെ.കെ രമ എം.എൽ.എ അഭിപ്രായപ്പെട്ടു. വടകരയിൽ മുൻ മന്ത്രി കെ.കെ ശൈലജയെ സ്ഥാനാർത്ഥിയാക്കിയതിനെക്കുറിച്ചുള്ള പ്രതികരണത്തിലാണ് അവർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
വടകരയിൽ ശൈലജ ടീച്ചർ മത്സരിക്കുന്നത് കൊണ്ട് ആർ.എം.പി.ഐയ്ക്ക് യാതൊരു പ്രശ്നവുമില്ല. ഇതുകൊണ്ടൊന്നും സി.പി.എം രക്ഷപ്പെടാൻ പോകുന്നുമില്ല. സി.പി.എമ്മിൽ വ്യക്തികൾക്കല്ല, പാർട്ടിക്കാണ് പ്രധാന്യം. ശൈലജ ടീച്ചർ സി.പി.എമ്മിന്റെ നേതാവും വക്താവുമായി പാർട്ടിയുടെ എല്ലാ കൊള്ളരുതായ്മകളേയും ന്യായീകരിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ ആ നിലയ്ക്ക് യാതൊരു പ്രതീക്ഷയുമില്ല. സി.പി.എമ്മിന്റെ എല്ലാ ജനവിരുദ്ധ നയങ്ങളെയും ന്യായീകരിക്കാൻ വെമ്പുന്ന ഇത്തരത്തിലുള്ള നേതാക്കളെയെല്ലാം ജനങ്ങൾ കൃത്യമായി വിലയിരുത്തുമെന്നും ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യാ സഖ്യത്തിന് ശക്തിപകരാനും സംസ്ഥാന തലത്തിൽ പിണറായി സർക്കാറിന് ശക്തമായ പ്രഹരമേൽപ്പിക്കാനും ജനങ്ങൾ തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]