കൊച്ചി: തലസ്ഥാന വാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരുവനന്തപുരം മെട്രോ പദ്ധതിയുടെ അന്തിമ അലൈൻമെന്റ് ഈ മാസം അവസാനത്തോടെ സംസ്ഥാന സർക്കാർ അംഗീകരിക്കുമെന്ന് റിപ്പോർട്ട്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഇതിനകം നിരവധി അലൈൻമെന്റ് നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും കെഎംആർഎൽ മാനേജിംഗ് ഡയറിക്ടർ ലോക്നാഥ് ബെഹ്റ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
‘ഡൽഹി മെട്രോ റെയിൽ ലിമിറ്റഡ് തയ്യാറാക്കിയ നിർദ്ദേശങ്ങളും സർക്കാരിന്റെ കൈയിലുണ്ട്. അതെല്ലാം പൂർണമായും സാങ്കേതിക അടിസ്ഥാനത്തിലാണ്. സർക്കാർ അവയെല്ലാം വിശകലനം ചെയ്ത് ഏറ്റവും യോജിക്കുന്നത് തിരഞ്ഞെടുക്കും. അത് ഈ മാസം അവസാനത്തോടെ ഉണ്ടാവുമെന്നാണ് കരുതുന്നത് ‘- ബെഹ്റ പറഞ്ഞു.
അലൈൻമെന്റ് തിരഞ്ഞെടുത്തുകഴിഞ്ഞാൽ, പദ്ധതിയെ സംബന്ധിച്ച് കെഎംആർഎൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി മന്ത്രിസഭയുടെ അംഗീകാരത്തിനായി അയയ്ക്കും. ഇതിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ പദ്ധതി നിർവഹണ ഏജൻസി ആവശ്യമായ മാറ്റങ്ങൾ വരുത്തും. ഇതിന് ഒരുമാസത്തോളം എടുക്കും. തുടർന്നായിരിക്കും കേന്ദ്രത്തിന് സമർപ്പിക്കുക.
ടെക്നോപാർക്കിനടുത്ത്, കഴക്കൂട്ടത്തുനിന്നാരംഭിച്ച് കിഴക്കേ കോട്ടവരെ പോകുന്ന അലൈൻമെന്റാണ് സംസ്ഥാന സർക്കാർ കൂടുതൽ താത്പര്യമെടുക്കുന്നത്. മറ്റ് അലൈൻമെന്റുകളും പരിഗണിക്കുന്നുണ്ട്.
കോഴിക്കോട് മെട്രോയ്ക്കുള്ള വിശദമായ പോജക്ട് റിപ്പോർട്ട് (ഡിപിആർ) ഇതിനകം തന്നെ കെഎംആർഎൽ തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ സ്ഥാപിക്കുന്നതിനെക്കുറിച്ച് തുടക്കത്തിൽ ആലോചിച്ചിരുന്നു എങ്കിലും പിന്നീട് മെട്രോ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരത്തിന് മുൻഗണനയുണ്ടെന്നും ബെഹ്റ സൂചന നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തലസ്ഥാനത്ത് പീക്ക് അവർ പീക്ക് ഡയറക്ഷൻ ട്രാഫിക്ക് 15,000ൽ കൂടുതലാണ്. എന്നാൽ കോഴിക്കോട്ട് ഇത് അല്പം കുറവാണ്. കോഴിക്കോടിന്റെ കാര്യത്തിൽ സമഗ്ര മൊബിലിറ്റി പ്ളാനും മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം കോറിഡോറും ഇതിനകം തയ്യാറാക്കിയിട്ടുണ്ടെങ്കിലും കെഎംആർഎൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും ബെഹ്റ വ്യക്തമാക്കി. മെട്രോ സ്ഥാപിക്കാൻ ലൈറ്റ് മെട്രോയെക്കാൾ ചെലവ് കുറവാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതിതികളുടെ ചെലവ് 20:20:60 അനുപാതത്തിലാവും പങ്കിടുക. 20 ശതമാനം വീതം കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബാക്കിയുള്ളത് അംഗീകൃത ഏജൻസിയിൽ നിന്നുള്ള വായ്പ വഴിയുമാണ് സംഘടിപ്പിക്കുന്നത്.