
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുമ്പ – ഈ രഞ്ജി സീസണില്‍ കേരളത്തിന് ആദ്യ തോല്‍വി. തുമ്പ സെയ്ന്റ് സേവ്യേഴ്സ് കോളേജ് പിച്ചില്‍ കേരളത്തെ രണ്ടാം ഇന്നിംഗ്സില്‍ 94 റണ്‍സിന് മുംബൈ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി. ജയിക്കാന്‍ 327 റണ്‍സ് വേണ്ടിയിരുന്ന കേരളം വിക്കറ്റ് പോവാതെ 24 ലാണ് അവസാന ദിനം ആരംഭിച്ചത്. പത്ത് വിക്കറ്റ് ശേഷിക്കെ 303 റണ്‍സ് കൂടി വേണമായിരുന്നു. എന്നാല്‍ 70 റണ്‍സെടുക്കുമ്പോഴേക്കും ആതിഥേയരെ മുംബൈ എറിഞ്ഞിട്ടു. 232 റണ്‍സിന്റെ വന്‍ വിജയം പൂര്‍ത്തിയാക്കി. 33 ഓവര്‍ മാത്രമാണ് കേരളത്തിന് ചെറുത്തുനില്‍ക്കാനായത്.
പരിക്കേറ്റ സുരേഷ് വിഷേശ്വര് ബാറ്റിംഗിന് വന്നില്ല. അഞ്ച് വിക്കറ്റെടുത്ത സ്പിന്നര്‍ ശംസ് മുലാനിയാണ് മുംബൈയുടെ ഹീറോ. ധവാല്‍ കുല്‍ക്കര്‍ണിയും തനുഷ് കൊടിയനും രണ്ടു വീതം വിക്കറ്റെടുത്തു. മുംബൈക്ക് ആറ് പോയന്റ് ലഭിച്ചു. മൂന്ന് കളിയില്‍ 20 പോയന്റുമായി എലീറ്റ് ഗ്രൂപ്പ് സി-യില്‍ മുംബൈ ഒന്നാം സ്ഥാനത്താണ്. രണ്ട് സമനിലയും ഒരു തോല്‍വിയുമായി കേരളത്തിന് നാല് പോയന്റേയുള്ളൂ.
ജലജ് സക്നേയെ (16) ബൗള്‍ഡാക്കി ധവാലാണ് മുംബൈക്ക് ബ്രെയ്ക് ത്രൂ നല്‍കിയത്. പകരം വന്ന കൃഷ്ണപ്രസാദിനെയും (4) ധവാല്‍ (8-1-32-2) പുറത്താക്കി. ഓപണര്‍ രോഹന് കുന്നുമ്മലിന്റെ (26) ചെറുത്തുനില്പ് മുലാനി (16-0-44-5) അവസാനിപ്പിച്ചതോടെ തുരുതുരെ വിക്കറ്റുകള്‍ നിലംപൊത്തി. രോഹന് പ്രേമും (11), സചിന് ബേബി (12), ക്യാപ്റ്റന്‍ സഞ്ജു സാംസണ് (15 നോട്ടൗട്ട്) എന്നിവര്‍ മാത്രമാണ് രണ്ടക്കത്തിലെത്തിയത്. സചിന് ബേബിയുടെയും വിഷ്ണു വിനോദിന്റെയും (6) വിലപ്പെട്ട വിക്കറ്റുകളാണ് തനുഷിന് ലഭിച്ചത്.
അഫ്ഗാനിസ്ഥാന് പരമ്പര കഴിഞ്ഞ് തിരിച്ചെത്തിയ സഞ്ജു 38, 15 നോട്ടൗട്ട് എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. മുംബൈ ടീമിലെ ഇന്ത്യന്‍ സഹതാരം ശിവം ദൂബെ ആദ്യ ഇന്നിംഗ്സില്‍ 51 റണ്‍സ് നേടി. മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ ഈ സീസണിലെ ആദ്യ റണ്‍സാണ് ഈ മത്സരത്തില്‍ സ്കോര്‍ ചെയ്തത് (65 പന്തില്‍ 16). മുമ്പുള്ള രണ്ട് ഇന്നിംഗ്സിലും ഗോള്‍ഡന്‍ ഡക്കായിരുന്നു.
ആദ്യ ഇന്നിംഗ്സില്‍ ഭദ്രമായി നീങ്ങുകയായിരുന്ന കേരളത്തെ നാടകീയമായി തകര്‍ത്ത മോഹിത് അവസ്തി കരിയര്‍ ബെസ്റ്റായ 57 റണ്‍സിന് ഏഴ് വിക്കറ്റെടുത്തു. ശംസ് മുലാനി രണ്ടാം ഇന്നിംഗ്സില്‍ കേരളത്തെ കറക്കിവീഴ്ത്തി.