
തിരുവനന്തപുരം: ഇ ബസ് വിവാദത്തിനിടെ ബസുകളുടെ വരവ് ചെലവിനെ കുറിച്ചുള്ള റിപ്പോർട്ട് കെഎസ്ആർടിസി ഇന്ന് ഗതാഗത മന്ത്രിക്ക് സമർപ്പിക്കും. മന്ത്രി ഇന്ന് തിരുവനന്തപുരം ജില്ലയിലെ കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. റിപ്പോർട്ടിന്മേൽ മന്ത്രി നടത്തുന്ന ചർച്ചയുടെ അടിസ്ഥാനത്തിലാകും ഇനി ഇ ബസ് വാങ്ങുന്നതിലടക്കം തീരുമാനം. ഇ ബസ് നിലനിർത്തി ടിക്കറ്റ് നിരക്ക് കൂട്ടുന്നതും പരിഗണനയിലുണ്ടെന്നാണ് വിവരം.
ഇ ബസിൽ പൊള്ളുകയാണ് സർക്കാർ. നഷ്ടമായ ഇ ബസുകൾ ഇനി വാങ്ങില്ലെന്നാണ് കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. കിഫ്ബി വഴിയും സ്മാർട്ട് സിറ്റി പദ്ധതി വഴിയും പുതുതായി 45 വാങ്ങാനുള്ള തീരുമാനവും മരവിപ്പിച്ച നിലയിലാണ്. കെഎസ്ആർടിസിയുട വാർഷിക റിപ്പോർട്ടിൽ തലസ്ഥാനത്ത് ഓടുന്ന ഇ ബസുകൾ ലാഭത്തിലാണ്. അത് പക്ഷേ ഓപ്പറേറ്റിംഗ് കണക്ക് അനുസരിച്ചുള്ള റിപ്പോർട്ടാണ്. ഓരോ ബസിന്റെയും റൂട്ട് അനുസരിച്ച് പ്രത്യേകം പ്രത്യേകം റിപ്പോർട്ടാണ് മന്ത്രി ആവശ്യപ്പെട്ടത്.
സിഎംഡി വിദേശത്തായതിനാൽ കെഎസ്ആർടിസി ജോയിന്റ് എംഡിയായിരിക്കും റിപ്പോർട്ട് കൈമാറുക. റിപ്പോർട്ടിന്മേൽ മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും. ലാഭമായാലും നഷ്ടമായാലും ഇ ബസിൽ നിന്ന് സർക്കാരിന് എളുപ്പം പിന്നോട്ട് പോകാനാകില്ല. ഇ ബസ് എൽഡിഎഫ് നയത്തിൻറെ ഭാഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയും ജനപ്രതിനിധികളും മന്ത്രിയുടെ നിലപാടിനെ തള്ളിക്കഴിഞ്ഞു.
ഇ ബസ് നിലനിർത്തി പത്ത് രൂപ നിരക്ക് കൂട്ടണമെന്ന ആവശ്യവും പരിഗണനയിലുണ്ട്. നിലവിൽ പത്ത് രൂപക്ക് ഒരു റൂട്ടിൽ 15 കിലോമീറ്റർ വരെ സഞ്ചരിക്കാം. മിനിമം പത്താക്കി നിലനിർത്തി ഫെയർ സ്റ്റേജിന് ശേഷം നിരക്ക് കൂട്ടുക എന്നതാണ് ബദൽ നിർദ്ദേശം. കെഎസ്ആർടിസി റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രിയുമായും ചർച്ച നടത്തിയാകും ഗതാഗതമന്ത്രി ഇ ബസിൽ അന്തിമ തീരുമാനമെടുക്കുക.
ഇലക്ട്രിക് ബസിന്റെ ഡിസംബർ മാസം വരെയുള്ള സർവീസുകളുടെ എണ്ണവും അതിലൂടെ ഉണ്ടായിട്ടുള്ള ലാഭവും പൂർണമായും വ്യക്തമാക്കുന്നതാണ് കെ എസ് ആര് ടി സിയുടെ വാർഷിക റിപ്പോർട്ട്. ഏപ്രിൽ മാസത്തിൽ തലസ്ഥാനത്തെ നിരത്തിലെത്തിയ ഇലക്ട്രിക് ബസുകൾ ഡിസംബർ മാസം വരെ 288. 91 ലക്ഷം രൂപ ലാഭമൂണ്ടാക്കിയെന്നാണ് കെ എസ് ആര് ടി സിയുടെ കണക്ക്. ഏപ്രിൽ മുതൽ ഡിസംബർ വരെ ഇലക്ട്രിക് ബസുകൾ 18901 സര്വീസ് തലസ്ഥാന നഗരത്തിലാകെ നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]