
തൃശൂര്‍: അഴീക്കോട്, ചേറ്റുവ തീരങ്ങളോട് ചേര്‍ന്ന് അനധികൃത മത്സ്യ ബന്ധനം നടത്തിയ ബോട്ടിനെതിരെ നടപടിയെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍. എറണാകുളം തോപ്പുംപടി സ്വദേശി ഷഹീര്‍, കുഞ്ഞിത്തൈ സ്വദേശി ചാര്‍ലി മെന്റസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബ്ലസ്സിങ്ങ്, അഗാപെ ബോട്ടുകളാണ് പിടിച്ചെടുത്തത്.
തീരക്കടലില്‍ നിന്നും കൂട്ടത്തോടെ മത്സ്യങ്ങളെ കോരിയെടുക്കുന്ന മത്സ്യബന്ധനം നടത്തുന്ന രീതി (കരവലി) മത്സ്യ സമ്പത്ത് കുറയാനിടയാക്കും. ഇതിലൂടെ പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് മത്സ്യ ലഭ്യത കുറയുമെന്ന് കാണിച്ച് നല്കിയ പരാതിയില്‍ അഴീക്കോട് ഫിഷറീസ് സ്റ്റേഷന് അസിസ്റ്റന്റ് ഡയറക്ടര്‍ എം എഫ് പോളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണം സംഘം തീരക്കടലില്‍ നടത്തിയ പരിശോധനയിലാണ് ബോട്ടുകള്‍ പിടിച്ചെടുത്തത്.
കരവലി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യ ബന്ധന രീതിയാണ്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെയും ഇതര ജില്ലക്കാരെയും ഉപയോഗപ്പെടുത്തിയാണ് തീരക്കടലില്‍ ഈ രീതിയില്‍ മത്സ്യ ബന്ധനം നടത്തുന്നത്. പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലയുടെ തെക്കേ അതിര്‍ത്തിയായ അഴീക്കോട് മുതല്‍ വടക്കേ അതിര്‍ത്തിയായ കാപ്രിക്കാട് വരെയുള്ള കടല്‍തീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവെയാണ് ബോട്ടുകള്‍ പിടിയിലായത്.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 (കെഎംഎഫ് റെഗുലേഷന് ആക്ട് 1980) പ്രകാരം കേസെടുത്ത് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ബ്ലെസ്സിങ്, അഗാപെ ബോട്ടുകളിലെ മത്സ്യം അഴീക്കോട് ഫിഷ് ലാന്‍ഡിങ് സെന്ററില്‍ പരസ്യ ലേലം ചെയ്ത് യഥാക്രമം ലഭിച്ച 20,500, 41,000 രൂപ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം നടത്തിയതിന് 2,50,000 വീതം രൂപ സര്‍ക്കാരിലേക്ക് പിഴ ഈടാക്കിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Last Updated Jan 21, 2024, 1:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]