

First Published Jan 21, 2024, 5:22 PM IST
റിയാദ്: സൗദി അറേബ്യയില് വിവിധ നിയമ ലംഘനങ്ങൾ നടത്തിയ 17,999 വിദേശികളെ ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തു. രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അധികൃതർ അറസ്റ്റ് ചെയതത്. സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതിൽ 10,975 താമസ നിയമലംഘകരും 4,011 അതിർത്തി സുരക്ഷാചട്ട ലംഘകരും 3,013 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 688 പേർ പിടിയിലായി. ഇവരിൽ 38 ശതമാനം യമനികളും 60 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 200 പേർ രാജ്യത്ത് നിന്ന് പുറത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു.
താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ഗതാഗത, താമസ സൗകര്യമൊരുക്കുകയും നിയമ ലംഘനം മൂടിവെക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 14 പേർ അറസ്റ്റിലായി. നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Read Also –
നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വൻ വർധന; സൗദിയിൽ ആകെ നിക്ഷേപം 2.51 ലക്ഷം കോടി റിയാൽ
റിയാദ്: സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വൻ വർധന. 2022നെ അപേക്ഷിച്ച് 2023ൽ നാല് ശതമാനം വർധനവാണ് രാജ്യം കൈവരിച്ചത്. ഇതോടെ ആകെ നിക്ഷേപം 2.51 ലക്ഷംകോടി റിയാലായി ഉയർന്നു. സൗദി സെൻട്രൽ ബാങ്കാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. 2015 മുതൽ സൗദിയിലെ വിദേശ നിക്ഷേപത്തിൽ വർധനവ് പ്രകടമായിരുന്നു.
പിന്നീട് മൂന്ന് മാസങ്ങൾ വീതമുള്ള ഘട്ടങ്ങളിലെല്ലാം വളർച്ച പ്രകടമായിരുന്നു. ഇതിനിടെ 2023ലെ ആദ്യ പാദത്തിൽ മാത്രമാണ് തളർച്ചയുണ്ടായത്. ഇതൊഴിച്ചാൽ വാർഷിക കണക്കനുസരിച്ച് സൗദിയുടെ സാമ്പത്തിക വളർച്ച ശക്തമാണ്. 2015ൽ 1,144 ലക്ഷം കോടി റിയാലായിരുന്നു സൗദിയിലെ വിദേശ നിക്ഷേപം. 2023 അവസാനിക്കുമ്പോൾ നേരിട്ടുള്ള വിദേശ നിക്ഷേപം 2517 ലക്ഷം കോടി റിയാൽ ആയി ഉയർന്നു. ഓരോ പാദത്തിലും ഒരു ശതമാനം വളർച്ച രാജ്യം കൈവരിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ഏകദേശം 15.8 ശതകോടി റിയാലിന് തുല്യമാണ്.
നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) ആണ് സൗദിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നത്. മൊത്തം നിക്ഷേപത്തിെൻറ 41 ശതമാനവും നേരിട്ടുള്ള വിദേശ നിക്ഷേപമാണ്. രാജ്യത്തെ ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, കടപ്പത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന പോർട്ട്ഫോളിയോ നിക്ഷേപങ്ങൾ 919.8 ശതകോടി റിയാലായും ഉയർന്നു. സൗദി വിഷൻ 2030െൻറ ഭാഗമായി നിക്ഷേപകരെ ആകർഷിക്കാൻ നിരവധി പദ്ധതികളാണ് രാജ്യം പ്രഖ്യാപിച്ചത്.
Last Updated Jan 21, 2024, 5:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]