
മലപ്പുറം: യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുഈനലി തങ്ങളെ ടെലിഫോൺ വഴി ഭീഷണിപ്പെടുത്തിയത് അന്വേഷിച്ചു കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ആവശ്യപ്പെട്ടു. മുഈനലി തങ്ങൾക്ക് യൂത്ത് ലീഗ് സുരക്ഷയൊരുക്കും. സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ ആഗ്രഹിക്കുന്ന ഭീരുക്കളാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത്. നേതാക്കൾക്കും പ്രവർത്തകർക്കും ഏത് തരത്തിലുള്ള സംരക്ഷണം നൽകാനും യൂത്ത് ലീഗിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കിൽ വീൽചെയറിൽ പോകേണ്ടിവരുമെന്നും ഇനി പുറത്തിറങ്ങാൻ ആകില്ലെന്നുമാണ് സയ്യിദ് മുഈനലി തങ്ങള്‍ക്ക് വന്ന ഭീഷണി സന്ദേശം. തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിലേക്കും ഇനി നീങ്ങുമെന്ന് സന്ദേശത്തിൽ പറയുന്നു. ‘തങ്ങളെ ഈ പോക്ക് പോകാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും. തങ്ങള്‍ കുടുംബത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തങ്ങള്‍ക്ക് പുറത്തിറങ്ങാനാകില്ല.നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ അനുവദിക്കില്ല’ എന്നായിരുന്നു ഫോണില്‍ അയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുഈനലി തങ്ങളെ ടെലിഫോൺ വഴി ഭീഷണിപ്പെടുത്തിയ സംഭവത്തെ അപലപിച്ച് മുൻ മന്ത്രി കെ ടി ജലീൽ എംഎൽഎ രംഗത്ത് വന്നു. മുഈനലി തങ്ങൾക്കെതിരെയുണ്ടായ നീക്കം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളിക്കെതിരെ ഉടൻ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. പാണക്കാട്ടെ കുട്ടികളിൽ ഒരാളെയും ഒരാളും തൊടില്ല. വീൽചെയറിലാകുന്നത് ആരാണെന്ന് നമുക്ക് കാത്തിരുന്നു കാണാമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
മുസ്ലിം ലീഗ് പ്രവർത്തകനായ റാഫി പുതിയ കടവിൽ ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് മുഈൻ അലി ആരോപിച്ചു. ഭീഷണി സന്ദേശം മുഈൻ അലി തങ്ങൾ മലപ്പുറം പൊലീസിന് കൈമാറി. സമസ്ത വിഷയത്തിൽ പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പരാമർശത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഈൻ അലി രംഗത്തെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചെന്ന പേരിൽ 2021 ൽ ലീഗ് ഹൗസിൽ വച്ച് മുഈൻ അലി തങ്ങൾക്കെതിരെ റാഫി പ്രതിഷേധിച്ചിരുന്നു.
Last Updated Jan 21, 2024, 4:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]