കൽപ്പറ്റ : ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയെ ചൊല്ലി വൻ വിവാദം. ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷൻ കൗൺസിൽ പ്രതിഷേധമുയർത്തി. ദുരന്തബാധിതരെ വേർതിരിച്ചുള്ള പുനരധിവാസം അംഗീകരിക്കില്ലെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പിഴവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഡിഡിഎംഎ യോഗം ചേരാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
നാലര മാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഗുണഭോക്താക്കളുടെ പട്ടിക സർക്കാർ പുറത്തിറക്കിയത്. 388 കുടുംബങ്ങളുള്ള പട്ടിക പുറത്തിറങ്ങിയതോടെ വിവാദവും തുടങ്ങി. മാനന്തവാടി സബ് കളക്ടറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പട്ടികയിൽ അടിമുടി പിഴവാണെന്ന് ദുരന്തബാധിതർ തന്നെ പറയുന്നത്.
മൂന്ന് വാർഡുകളിലെ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ പലരുടെയും പേരുകളിൽ ഇരട്ടിപ്പുണ്ട്. ഒറ്റ വാർഡിൽ മാത്രം 70 പേരുടെ വരെ പേരുകൾ ഇരട്ടിപ്പാണെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആരോപണം. മേപ്പാടി പഞ്ചായത്തിൽ തദ്ദേശഭരണ ജോയിൻറ് ഡയറക്ടർ വിളിച്ച യോഗത്തിൽ ദുരന്തബാധിതരുടെ സംഘടന കടുത്ത പ്രതിഷേധം ഉയർത്തി. പിന്നാലെ എഡിഎമ്മും വില്ലേജ് ഓഫീസറും വിളിച്ച് യോഗത്തിലും കരട് പട്ടിക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധമുണ്ടായി. പിഴവുകൾ സാങ്കേതികമാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ ഇത് അംഗീകരിക്കാൻ പ്രതിഷേധക്കാർ തയ്യാറാകാഞ്ഞതോടെ ഡിഡിഎംഐ യോഗം വിളിക്കാൻ തീരുമാനിച്ചതായി എഡിഎം അറിയിച്ചു.
ദുരന്തബാധിതരുടെ പുനരധിവാസം രണ്ട് ഘട്ടമായാണ് സർക്കാർ നടത്തുന്നത്. ദുരന്ത മേഖലയിലെ തകരാത്തതും എന്നാൽ വാസയോഗ്യമല്ലാത്തതുമായ വീടുകളുള്ള കുടുംബങ്ങളെ ആദ്യഘട്ടത്തിൽ പുനരധിവസിപ്പിക്കുന്നില്ല. ഇവരെ രണ്ടാംഘട്ടത്തിൽ പുനരധിവസിപ്പിക്കുമെന്നാണ് വാഗ്ദാനമെങ്കിലും ഇതിന്റെ മാർഗ്ഗനിർദേശങ്ങൾ ഒന്നും പുറത്തിറക്കിയിട്ടില്ല. ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാട് ദുരന്തബാധിതർ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം സർക്കാരിനെ അടിയന്തരമായി അറിയിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.സർവ്വകക്ഷിയോഗം വിളിച്ച് മേപ്പാടി പഞ്ചായത്ത് തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടിക കൃത്യമാണെന്നും അത് അംഗീകരിക്കണമെന്നും ദുരന്തബാധിതരുടെ സംഘടന ആവശ്യപ്പെട്ടു.
വിശദീകരണവുമായി മന്ത്രി
ഇപ്പേൾ പുറത്തിറക്കിയത് കരടു പട്ടിക മാത്രമാണെന്നും 15 ദിവസത്തിനകം ആക്ഷേപങ്ങൾ അറിയിക്കാമെന്നും മന്ത്രി കെ രാജൻ വിശദീകരിച്ചു. എല്ലാവരെയും ഉൾപ്പെടുത്തലാണ് സർക്കാരിന്റെ ലക്ഷ്യം. ആർക്കും ആശങ്ക വേണ്ട. അർഹത മാത്രമേ മാനദണ്ഡമാകുകയുള്ളൂ. അടുത്തയാഴ്ച തന്നെ രണ്ടാംഘട്ടത്തിന്റെ മാർക്ക് ചെയ്യൽ നടക്കും.അതിവേഗത്തിൽ കാര്യങ്ങൾ നടപ്പാക്കും. കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. കരടിൽ ആക്ഷേപങ്ങൾ അഭിപ്രായങ്ങളും പൂർണമായി കേൾക്കും. ദുരന്തത്തിൽപ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. രണ്ടു ഘട്ടത്തിലാണ് പട്ടിക നടപ്പാക്കുന്നത്. ഒന്നാംഘട്ടവും രണ്ടാംഘട്ടവും രണ്ട് കാറ്റഗറിയാണ്. ഒന്ന് ദുരന്തത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ടവർ, രണ്ട് വീട് നഷ്ടപ്പെട്ടില്ലെങ്കിലും ദുരന്തം ഉണ്ടായതുകൊണ്ട് അങ്ങോട്ട് പോകാൻ കഴിയാത്തവർ. പഞ്ചായത്തിന്റെയും റവന്യൂവിന്റെയും പട്ടിക ചേർത്താണ് കരടു പട്ടിക പുറത്തിറക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]