തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്പറേഷന് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിക്കുള്ള ദേശീയ അംഗീകാരം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലഭിച്ചു. ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ ദക്ഷിണേന്ത്യയിലെ ചാനലൈസിംഗ് ഏജന്‍സികളുടെ ദക്ഷിണ മേഖല കോണ്‍ഫറന്‍സിലാണ് പ്രവര്‍ത്തന മികവിന് ഒന്നാം സ്ഥാനം ലഭിച്ചത്.
വനിതകളുടെ ഉന്നമനത്തിനായി വനിത വികസന കോര്പറേഷന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോര്‍പറേഷന്റെ നാളിതുവരെയുള്ള പ്രവര്‍ത്തന ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ദേശീയ ന്യൂനപക്ഷ കോര്‍പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സിയാകുന്നത്. കോര്പ്പറേഷന് 175 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി കൂടി സര്‍ക്കാര്‍ അടുത്തിടെ അനുവദിച്ചിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 36,105 വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് 340 കോടി രൂപ വിതരണം ചെയ്തുവെന്ന് മന്ത്രി അറിയിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 375 കോടി രൂപയുടെ വായ്പാ വിതരണത്തിലൂടെ 75,000 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനാണ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 1995 മുതല്‍ ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ സംസ്ഥാനത്തെ ചാനലൈസിങ് ഏജന്‍സിയായി പ്രവര്‍ത്തിച്ചു വരികയാണ് വനിത വികസന കോര്പറേഷന്. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരുടെ ഉന്നമനത്തിനയുള്ള പ്രവര്‍ത്തനങ്ങള്‍, എൻഎംഡിഎഫ്സിയ്ക്കുള്ള ഓഹരി വിഹിത സംഭാവന, എൻഎംഡിഎഫ്സിയില് നിന്നും സ്വീകരിച്ച വായ്പ തുകയുടെ മൂല്യം, തിരിച്ചടവിലെ കൃത്യത എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ മൂല്യനിര്‍ണയത്തിലാണ് കോര്പ്പറേഷന് ഒന്നാമത്തെത്തിയത്.
ദേശീയ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും കഴിഞ്ഞ അഞ്ച് വര്‍ഷകാലയളവില്‍ 437.81 കോടി രൂപ ലഭിച്ചതിലൂടെ ഈ വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് 51000 ഓളം വരുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന വനിതാ വികസന കോര്പറേഷന് സാധിച്ചു. കൂടാതെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ന്യൂനപക്ഷ വിഭാഗത്തിന് 170 കോടി രൂപ വായ്പാവിതരണം നടത്തുന്നതിലൂടെ 34000 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനാകും. ആലപ്പുഴയില്‍ നടന്ന ദക്ഷിണ മേഖല കോണ്‍ഫറന്‍സില്‍ വച്ച് വനിത വികസന കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വി.സി., എൻഎംഡിഎഫ്സിയുടെ സിഎംഡി ഡോ. ആഭറാണി സിംഗില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]