.news-body p a {width: auto;float: none;}
കണ്ണൂർ: ജില്ലയിൽ ലഹരിസംഘങ്ങളുടെ ഇടപാടുകൾ വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കിയ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാൻ എക്സൈസ് സ്പെഷ്യൽ ഡ്രൈവ്. അടുത്ത മാസം നാലുവരെ പരിശോധന കടുപ്പിക്കാനാണ് തീരുമാനം. കഞ്ചാവ്, എം.ഡി.എം.എ അടക്കമുള്ള സിന്തറ്റിക് ലഹരി, കർണാടക, ഗോവ, മാഹി മദ്യം എന്നിവയുടെ കടത്തിന് തടയിടാനാണ് എക്സൈസ് സർവ സന്നാഹവുമായി ഇറങ്ങിയിരിക്കുന്നത്.
അതിർത്തി മേഖലകൾക്കു പുറമേ എക്സൈസിന്റെ ഹോട്ട് സ്പോട്ട് ലിസ്റ്റിലുള്ള പ്രദേശങ്ങൾ, സ്കൂൾ, കോളേജ്, ബസ് സ്റ്റാൻഡ് പരിസരങ്ങൾ എന്നിവിടങ്ങളിലാണ് നിരീക്ഷണം ശക്തമാക്കിയത്. പുതുവത്സാരഘോഷങ്ങൾ നടക്കുന്ന ഹോട്ടലുകളും റിസോർട്ടുകളും എക്സൈസ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണ്. ലഹരി സംബന്ധമായ വിവരം ലഭിച്ചാൽ അറിയിക്കണമെന്നാണ് ഹോട്ടലുകൾക്ക് നൽകിയ നിർദ്ദേശം. വനിതാ സിവിൽ എക്സൈസ് ഓഫീസറുടെ സാന്നിദ്ധ്യത്തിലാണ് വാഹന പരിശോധന നടക്കുന്നത്. യാത്രികരായ സ്ത്രീകളോടും കുട്ടികളോടും മാന്യമായി പെരുമാറണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശമുണ്ട്. പൊലീസ് ഡോഗ് സ്ക്വാഡും പരിശോധനയിൽ പങ്കാളികളാകുന്നുണ്ട്. ചെക്ക് പോസ്റ്റുകളിൽ ചരക്ക് വാഹനങ്ങളിൽ രഹസ്യ അറകളുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്.
ഉണർന്നു ലഹരി ഹബ്ബുകൾ
ന്യൂ ഇയർ, ക്രിസ്തുമസ് വിപണി പരമാവധി മുതലെടുക്കുന്നതിന്റെ ലക്ഷണമെന്ന നിലയിലാണ് കഴിഞ്ഞ ദിവസം തലശ്ശേരി, കണ്ണൂർ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ഗോവൻ മദ്യവും കഞ്ചാവും കണ്ടെടുത്തതിലൂടെ വ്യക്തമായത്.തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആർ.പി.എഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ മദ്യശേഖരം പിടികൂടിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ വടക്ക് വശത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ 3.756 കിലോ കഞ്ചാവും കണ്ടെടുത്തു. സി.സി.ടി.വി ക്യാമറ പരിശോധിച്ചെങ്കിലും രണ്ടിടത്തെയും കടത്തുകാരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പുതിയ തെരുവിൽ അപകടത്തിൽപ്പെട്ട കാറിൽ എം.ഡി.എം.എ കണ്ടെത്തിയിരുന്നു. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്നതിനിടയിൽ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ കാറിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെടുകയായിരുന്നു.
ഞെട്ടിക്കും ഈ കണക്കുകൾ
കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ ജനുവരി ഒന്നു മുതൽ നവംബർ വരെ 485 മയക്കുമരുന്ന് കേസുകളും 1263 അബ്കാരി കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ഈ വർഷം പരിശോധനയിൽ 827.384 ഗ്രാം മെത്താംഫിറ്റമിനാണ് പിടികൂടിയത്. കഴിഞ്ഞവർഷം 503.024 ഗ്രാമായിരുന്നു. മയക്കുമരുന്നുകളുമായി 486 പേരും അബ്കാരി കേസുകളിൽ 945 പേരും പിടിയിലായി. അറുപത് വാഹനങ്ങളും 6,600 ലിറ്റർ സ്പിരിറ്റും ഇക്കുറി പിടികൂടി. നിരോധിത പാൻ ഉത്പ്പന്നങ്ങൾ കടത്തിയ 4426 കേസുകളിൽ 8.85 ലക്ഷം പിഴ ഈടാക്കി. തൊണ്ടിമുതലായി 1.12 ലക്ഷവും 30 മൊബൈൽ ഫോണും പിടികൂടി. ഡാൻസാഫ് ഉൾപ്പെടുന്ന പൊലീസ് സംഘം പിടികൂടിയ കണക്കിന് പുറമെയാണിത്.
തലചുറ്റിക്കും ലഹരിക്കണക്ക്
(ബ്രാക്കറ്റിൽ കഴിഞ്ഞ വർഷത്തെ കണക്ക്)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാരായം 236 ലി. (276 ലി. )
വിദേശമദ്യം 3500 ലി. (3706),
വാഷ് 20377 ലി. (26372)
കഞ്ചാവ് 93.34 കിലോ (87.968)
കഞ്ചാവ് ചെടി 3 (22)
എം.ഡി.എം.എ 13.488 ഗ്രാം (324.412)
മെത്താം ഫിറ്റമിൻ 827.384 ഗ്രാം (503.024)
ഹഷീഷ് ഓയിൽ 23.97 ഗ്രാം (5.105)
ബ്രൗൺഷുഗർ 8. 864 ഗ്രാം (13.697)
പുകയില 166 കിലോ (460)