ഹേമാകമ്മിറ്റി പുറത്തുവന്നതോടെ പല നടൻമാർക്കെതിരെ പീഡനമടക്കം നിരവധി ആരോപണങ്ങളാണ് ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുന്നത്. ഇവ അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുളള ചില സത്യാവസ്ഥകൾ തുറന്നുപറഞ്ഞിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ റിപ്പോർട്ടിനോടൊപ്പം നിന്ന ചില താരങ്ങൾ നിലപാട് മാറ്റിയതിനെക്കുറിച്ചാണ് അഷ്റഫ് വ്യക്തമാക്കിയിരിക്കുന്നത്.
‘ചൂഷണത്തിന് വിധേയമായ ഒരു സംവിധാനം സിനിമയിൽ നിലനിൽക്കുന്നുവെന്നത് ഒരു സത്യമാണ്.ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ എല്ലാവർക്കും ആ കാര്യം മനസിലായി. ഏതെല്ലാം വൈകൃതങ്ങൾ കൊണ്ട് അഴുകി നാറാമോ, അതിനപ്പുറം പുഴുത്ത സമ്പ്രദായമാണ് മലയാള സിനിമയിൽ. എല്ലാവരും മോശമാണെന്നും റിപ്പോർട്ടിൽ പറയുന്നില്ല. ആയിരത്തിലധികം ആളുകൾ ജോലി ചെയ്യുന്ന സിനിമാമേഖലയിൽ നിന്ന് ഏകദേശം 60 പേരാണ് മൊഴി നൽകിയിരിക്കുന്നത്.
ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം 15 അംഗ പവർ ഗ്രൂപ്പാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവരുടെ ആവശ്യങ്ങൾക്ക് വഴങ്ങികൊടുക്കാത്തവരുടെ ഭാവി തന്നെ ഇല്ലാതാക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ പവർ ഗ്രൂപ്പിലുളളവരുടെ പേരോ മറ്റുവിവരങ്ങളോ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പുറത്തുവന്നിട്ടില്ല. ഇതിനെക്കുറിച്ച് എനിക്കും വ്യക്തതയില്ല. എന്നാൽ പവർ കുറഞ്ഞ നിരവധി ഗ്രൂപ്പുകൾ ഉണ്ട്. അതിനെക്കുറിച്ച് എനിക്ക് വ്യക്തമായി അറിയാം. തിരുവനന്തപുരം ഗ്രൂപ്പ്, മട്ടാഞ്ചേരി ഗ്രൂപ്പ്, എറണാകുളം ഗ്രൂപ്പ്, ലഹരിഗ്രൂപ്പ് അങ്ങനെ പലതുമുണ്ട്. ഇരകൾ കൊടുത്ത തെളിവുകളെല്ലാം ഭദ്രമായി ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ട്.
അതിജീവിതയ്ക്കൊപ്പം അഭിമാനത്തോടെ എല്ലാ പിന്തുണയോടെയും നിന്ന കൂട്ടായ്മയാണ് ഡബ്യൂ സി സി. അവർ പ്രതികരിച്ചതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്. അവരെ ഫെമിനിച്ചികൾ എന്നുവിളിച്ചവർക്ക് ഇപ്പോൾ സമാധാനത്തോടെ ഉറങ്ങാൻ പോലും സാധിക്കുന്നില്ല. ഡബ്യൂ സി സിയുടെ ഭാഗമല്ലാത്ത വനിതകളും അവർക്കൊപ്പം ശബ്ദം ഉയർത്തി. ഇരയുടെ പേര് വെളിപ്പെടുത്തരുതെന്നും കുറ്റം ചെയ്തവരുടെ പേര് പുറത്തുപറയണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെ പറഞ്ഞവരുടെ ഇപ്പോഴത്തെ മലക്കം മറിച്ചിൽ വിശ്വസിക്കാൻ കഴിയുന്നില്ല. അവരെയൊക്കെ പൊതുസമൂഹം ഇഷ്ടപ്പെട്ടിരുന്നത് അവരുടെ നിലപാടുകൾ കാരണമായിരുന്നു.
സിനിമാമേഖലയിൽ നവീകരണം വേണമെന്ന നിലപാട് തന്നെ ഉണ്ടായത് ഇത്തരം സംഭവങ്ങൾ നടന്നതുകൊണ്ടാണ്. തുറന്നുപറയുമ്പോൾ അവസരം കിട്ടുമ്പോൾ അവർ പറയട്ടെ. മുഖംമൂടികളെല്ലാം അഴിഞ്ഞുവീഴട്ടെ. നിങ്ങളെപ്പോലുളളവർ ദയവായി അതിന് തടസം സൃഷ്ടിക്കാതിരിക്കൂ. ഈ റിപ്പോർട്ടിനെ ഇല്ലായ്മ ചെയ്യാൻ ഒരു നിർമാതാവ് ആദ്യം ഹൈക്കോടതിയെ സമീപിച്ചു. അദ്ദേഹം പൊതുതാൽപര്യഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചെങ്കിലും അത് നിലനിന്നില്ല. ഒടുവിൽ അയാൾ സുപ്രീംകോടതിയെ സമീപിച്ചു. ഈ റിപ്പോർട്ടിനെ ഇല്ലായ്മ ചെയ്യാൻ മറ്റൊരു നടി കൂടെ സുപ്രീംകോടതിയിൽ കക്ഷി ചേർന്നു.
റിപ്പോർട്ട് പുറത്തുവന്നപ്പോൾ ചിലരൊക്കെ ആഘോഷമാക്കി. ഭാരതം പത്മശ്രീ കൊടുത്ത് ആദരിച്ച ബാലചന്ദ്രമേനോനെ പോലും വെറുതെ വിട്ടില്ല. തുണിക്കടയിലെ പാവയ്ക്ക് ദിവസവും തുണിമാറ്റുന്നതുപോലെ നിരവധി യുവതികളെ നൂൽ വസ്ത്രമില്ലാതെ നിർത്തിയിട്ടുളളത് ആ നടി കണ്ടെന്ന് കോമഡി പോലെ പറയുന്നു. അങ്ങനെ കോമഡി സ്കിറ്റിന്റെ രീതിയിൽ അവർ ഈ കാര്യങ്ങൾ അവതരിപ്പിക്കുന്നു. അങ്ങനെ പൊതു സമൂഹത്തിന് മുൻപിൽ അദ്ദേഹം അപമാനിതനാകുന്നു. മാനം തിരിച്ചുപിടിക്കാൻ അദ്ദേഹം കോടതിയെ ആശ്രയിച്ചു. കോടതി ബാലചന്ദ്രമേനോടൊപ്പം നിന്നു. ഇത്തരത്തിൽ കളളക്കേസുകൾ കൊണ്ടുവരുന്നവരെയും ശിക്ഷിക്കണമെന്നാണ് എന്റെ അഭിപ്രായം. മലയാള സിനിമയിലുളള എല്ലാവരും പ്രശ്നക്കാരല്ല. അങ്ങനെയുളളവരെ കണ്ടെത്തി പ്രശ്നം പരിഹരിക്കുകയാണ് ചെയ്യേണ്ടത്’- അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]