ഇടുക്കി: മരിച്ച സാബുവിൻ്റെ കുടുംബത്തിനൊപ്പമാണ് സിപിഎമ്മെന്ന് ഏരിയാ സെക്രട്ടറി മാത്യു ജോർജ്. സാബുവിന് 12 ലക്ഷം രൂപയാണ് കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നൽകാനുള്ളത്. സൊസൈറ്റിയിൽ സിപിഎം ഭരണത്തിൽ എത്തിയിട്ട് 4 വർഷം മാത്രമേ ആയുള്ളൂ. 20 കോടിയുടെ ബാധ്യത ബാങ്കിനുണ്ട്. നിശ്ചിത തുക വീതം സാബുവിന് മാസം തോറും കൊടുക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം സാബു ബാങ്കിൽ എത്തി ജീവനക്കാരുമായി തർക്കം ഉണ്ടായി. ഇക്കാര്യത്തിൽ ഭരണ സമിതി എന്ന നിലയിൽ അഭിപ്രായം പറയുക സാധാരണമാണെന്നും അതിൽ കൂടുതൽ ഒന്നും കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സാബുവിൻ്റെ മരണത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനോട് യോജിപ്പില്ല. എന്നാൽ സാബുവിനെ ഭീഷണിപെടുത്തിയോ എന്ന് അന്വേഷിക്കും. പൊലീസ് അന്വേഷണം നടക്കട്ടെയെന്നും അന്വേഷണം പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞ അദ്ദേഹം കുറ്റക്കരെ നിയമത്തിനു മുന്നിൽ കൊണ്ടു വരട്ടെയെന്നും പറഞ്ഞു.
സഹകരണ സൊസൈറ്റി മുൻ പ്രസിഡൻറ് വി ആർ സജി ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്ത് വന്നിരുന്നു. സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറി കൂടിയായ സജി ജീവനക്കാരനെ സാബു ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് ഭീഷണി മുഴക്കിയത്. അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്ന് പറഞ്ഞ സജി പണി മനസ്സിലാക്കി തരാം എന്നും സാബുവിനോട് പറഞ്ഞിപുന്നു. പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്ന് പറഞ്ഞു കൊണ്ടാണ് സജി ഭീഷണി മുഴക്കിയത്.
സാബു ബാങ്കിൽ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സാബുവും ജീവനക്കാരും തമ്മിൽ കയ്യേറ്റം ഉണ്ടായതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോൾ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തും. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും സംസ്കാരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]